ഒരു ജീവിതശൈലി രോഗമാണ് പൊണ്ണത്തടി. രോഗമെന്നതിലുപരിയായി ഇത് മറ്റു രോഗങ്ങളിലേക്കുള്ള ഒരു വഴി കൂടിയാണെന്നുള്ളതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. നമ്മുടെ സ്കൂളുകളിൽ ഏഴു ശതമാനത്തോളം കുട്ടികളിൽ പൊണ്ണത്തടിയുണ്ടെന്ന് ചില പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് പൊണ്ണത്തടിയുണ്ടാകുന്നത്. ശരീരത്തിലെത്തുന്ന കൊഴുപ്പിന്റെയും ഊർജ്ജത്തിന്റെയും അളവ് കൂടുതലും അതിന്റെ ഉപയോഗം കുറവുമാകുമ്പോൾ പൊണ്ണത്തടിയുണ്ടാകുന്നു.
താളംതെറ്റിയതും അമിതമായതുമായ ഭക്ഷണവും വ്യായാമക്കുറവുമാണ് പൊണ്ണത്തടിയുടെ പ്രധാന കാരണം. ഹോർമോൺ തകരാറുകളും ചിലരിൽ അമിതവണ്ണത്തിന് കാരണമാകാറുണ്ട്. ശാരീരിക പ്രവർത്തനങ്ങളെ ക്രമീകരിക്കുന്ന രാസ സന്ദേശ വാഹകരാണ് ഹോർമോണുകൾ. ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി, തൈറോയ്ഡ്, പാൻക്രിയാസ്, അഡ്രീനൽ, അണ്ഡാശയം, വൃഷണം തുടങ്ങിയ ഗ്രന്ഥികളാണ് ഹോർമോണുകളുത്പാദിപ്പിക്കുന്നത്.ശരീരത്തിന്റെ ഭാരം ക്രമീകരിക്കുന്നതിൽ ഹോർമോണുകളും നാഡീഘടകങ്ങളും തുല്യപങ്ക് വഹിക്കുന്നു. ആഹാരത്തിൽ നിന്ന് കിട്ടുന്ന ഊർജ്ജത്തിന്റെ അളവിനെ ഈ രണ്ട് ഘടകങ്ങളും സ്വാധീനിക്കും. സ്വാഭാവികമായും ഇതിലുണ്ടാകുന്ന വ്യതിയാനങ്ങൾ പൊണ്ണത്തടിയെ സ്വാധീനിക്കും.മാനസിക സംഘർഷവും പൊണ്ണത്തടിയെ സ്വാധീനിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചില ആളുകളിൽ പാരമ്പര്യമായും മറ്റു ചിലരിൽ മരുന്നുകളുടെ പാർശ്വഫലമായും പൊണ്ണത്തടിയുണ്ടാകാം.
ഡോ. പി.കെ ഉപേഷ് ബാബു
ശ്രീ സത്യസായി
ഹോമിയോപതിക് ക്ലിനിക്,
പെരുമ്പ, പയ്യന്നൂർ
ഫോൺ: 9447687432,
04985 204586