കാലുകൾ ചിറകുകളാക്കി വിജയ വെളിയിലേക്കു പാഞ്ഞു.
''മോനേ..." വിലപിച്ചുകൊണ്ട് തൊട്ടുപിന്നാലെ മാലിനിയും.
ശരീരം വെട്ടിമുറിക്കപ്പെടുന്നതുപോലെ അനൂപിന്റെ അലർച്ച പിന്നെയും കേട്ടു.
ഒപ്പം ആരോ വീഴുന്ന ഒച്ച, തറയിൽ കിടന്നുള്ള ശക്തമായ പിടിച്ചിൽ...
''ചേട്ടാ..." അപ്പോഴേക്കും ഇരുളിലൂടെ വിജയ പുറത്തേക്കു പാഞ്ഞെത്തിക്കഴിഞ്ഞു.
ആ ക്ഷണം ഒരു ടോർച്ചിന്റെ ശക്തമായ വെളിച്ചം അവളുടെ മുഖത്തടിച്ചു.
കണ്ണുകളുടെ കാഴ്ച നഷ്ടമായതുപോലെ ഒരു നിമിഷം വിജയ നിന്നു.
അപ്പോൾ പിന്നിൽ നിന്ന് ശക്തമായ ഒരടി കിട്ടി.
''അമ്മേ..."
വിജയ മൂക്കുകുത്തി വീണു.
''മോളേ..."
മാലിനി മകൾക്കരുകിൽ കുത്തിയിരുന്നു. എന്നാൽ ആ ക്ഷണം ആരോ അവരുടെ തലമുടിയിൽ പിടിച്ചു വലിച്ചുയർത്തി.
പിന്നെ വലതുകാതു ചേർത്ത് ഒറ്റയടി.
വിലപിച്ചുകൊണ്ട് മാലിനിയും വീണു...
''അമ്മേ..."
വിജയ തറയിൽ കൈകുത്തി എഴുന്നേൽക്കാൻ ഭാവിച്ചു. അപ്പോൾ പുറത്തു ചവിട്ടേറ്റു.
അതോടെ അവളുടെ സ്വബോധം പോയി.
ആരൊക്കെയോ ചേർന്ന് അവളെ വലിച്ചു പൊക്കി വാഹനത്തിനരികിലേക്കു കൊണ്ടുപോയി....
രണ്ടുമൂന്നു പേർ വീടിനുള്ളിലേക്കു പാഞ്ഞുകയറി. ഓരോ മുറിയിലും എന്തോ തിരഞ്ഞു.
കാണാത്തതിന്റെ രോഷം കാരണം കണ്ണിൽ പെട്ടതൊക്കെ അടിച്ചു തകർത്തു. ശേഷം തിടുക്കത്തിൽ വന്ന് വാഹനത്തിൽ കയറി.
''ഇവിടെയെങ്ങുമില്ല കേട്ടോ.."
ആരോ പറഞ്ഞു.
വാഹനം അതിവേഗത്തിൽ പിന്നോട്ടു പോയി...
ബഹളം കേട്ട് അടുത്ത വീട്ടുകാർ ഓടിയെത്തി. അവിടെ മാത്രം വെളിച്ചമില്ലെന്നു കണ്ട് അവർ ശബ്ദമുയർത്തി.
''മാലിനി ച്ചേച്ചീ... വിജയേ... "
മറുപടി കേട്ടില്ല.
എന്നാൽ സിറ്റൗട്ടിൽ ഞരക്കം കേട്ടു.
ഒരാൾ ടോർച്ചു തെളിച്ചു നോക്കി.
ആദ്യം കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അനൂപിനെ.. തെല്ലകലെ ശ്വാസം കഴിക്കാൻ പോലും പാടുപെടുന്ന മാലിനി.
ഓടിയെത്തിയവർ നടുങ്ങിപ്പോയി....
ആരോ ചെന്ന് മെയിൻ സ്വിച്ച് ഓണാക്കി. എല്ലായിടത്തും വെളിച്ചം പരന്നു.
അപ്പോൾ കാഴ്ചകൾ വ്യക്തമായി.
അനൂപിന് ചലനമേയില്ല!
അവന്റെ കഴുത്തിലൂടെ ചോര പതച്ചുവരുന്നു!
അവർ മാലിനിയെ പിടിച്ചുപൊക്കി...
''എന്റെ മോൻ... എന്റെ മോള്...." അവർ ഞരങ്ങി.
''വിജയ എന്തിയേ?" ഒരാൾ തിരക്കി.
''കൊണ്ടുപോയി..."
പറയുന്നതിനിടയിലാണ് അവർ അനൂപിന്റെ ചോരയിൽ കുളിച്ച ശരീരം കണ്ടത്.
''മോനേ..."
മാലിനിയുടെ കണ്ണുകൾ തുറിച്ചു. അവർ വേച്ചുവീണു.
അയൽക്കാർ ആറന്മുള പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു.
പതിനഞ്ചു മിനിട്ടിനുള്ളിൽ പോലീസ് എത്തി. അനൂപ് മരിച്ചുവെന്ന് ഉറപ്പായി.
മാലിനിയെ അയൽക്കാർ ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി..
***
തിരുവനന്തപുരം മെഡിക്കൽ കോളേജ്.
രാഹുലിന്റെ മുറിയിലേക്ക് തിടുക്കത്തിൽ സ്പാനർ മൂസ എത്തി.
''സാർ.. ഒരു വിവരം ചോർന്നു കിട്ടിയിട്ടുണ്ട്."
''എന്താ?" രാഹുൽ അയാളെ തുറിച്ചു നോക്കി.
''ചീഫ് മിനിസ്റ്റർ ഡൽഹിക്ക് പോകുന്നു എന്നു പറഞ്ഞത് വെറുതെയാ. അയാൾ കോവളത്തെ ഹോട്ടലിൽ ഉണ്ട്. പിന്നെ..."
മൂസ പരുങ്ങി.
''പിന്നെ?"
''സാറിനെ വകവരുത്തുവാൻ ഒരു ക്വട്ടേഷൻ ടീമിന് അഡ്വാൻസ് നൽകിക്കഴിഞ്ഞു."
''ങ്ഹേ?" നടുങ്ങിപ്പോയി രാഹുൽ. മൂസ എങ്ങനെയറിഞ്ഞു?
'' ആ ടീമിലുള്ള ഒരാളെ എനിക്കറിയാം. അയാൾ പറഞ്ഞതാ. സാറ് സൂക്ഷിക്കണം. അവർ ഏത് നേരത്തും എത്തും."
അയാൾ പറഞ്ഞതും വാതിലിൽ ആരോ ശക്തമായി മുട്ടി!
(തുടരും)