തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് ബി.ജെ.പിയുടെ പിന്തുണ. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഗൂഡാലോചനയിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സമിതി അറിയിച്ചു.
അതേസമയം, ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയ മഹിളാ മോർച്ചാ പ്രവർത്തകർ സെക്രട്ടേറിയറ്റിലെ സുരക്ഷാ വേലികൾ ഭേദിച്ച് ഉള്ളിലേക്ക് കടന്നു. അതീവ സുരക്ഷാ മേഖലയായ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയ ഏഴോളം മഹിളാ മോർച്ചാ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയായിരുന്നു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ കടന്ന് പോകുന്ന സെക്രട്ടേറിയറ്റിലെ കന്റോൺമെന്റ് ഗേറ്റ് വഴിയാണ് പ്രവർത്തകർ കടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചഭക്ഷണത്തിനായി വസതിയിലേക്ക് പോകുന്ന സമയത്ത് നടന്ന പ്രതിഷേധം വൻ സുരക്ഷാ വീഴ്‌ചയായാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് കന്റോൺമെന്റ് സ്‌റ്റേഷനിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് കോഴിക്കോട് സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുർഗയും സന്നിധാനത്തെത്തി ദർശനം നടത്തിയത്. പുലർച്ചെ പമ്പയിൽ എത്തിയ ഇവർ പൊലീസിന്റെ സഹായത്തോടെ അതീവ രഹസ്യമായി ദർശനം നടത്തുകയായിരുന്നു.