പത്തനംതിട്ട: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് നാല് തീർത്ഥാടകർ ഇരുമുടിക്കെട്ട് ഉപേക്ഷിച്ച് യാത്ര അവസാനിപ്പിച്ചു. കാൽനടയായി എത്തിയ അയ്യപ്പഭക്തരാണ് മടങ്ങിയത്. എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ എത്തിയ ഇവർ ക്ഷേത്രത്തിനു മുമ്പിൽ മാലയൂരി ഇരുമുടിയും അവിടെത്തന്നെ ഉപേക്ഷിച്ചു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്നും 200 കിലോ മീറ്റർ കാൽനടയായി എത്തിയ ബാബു, സുനിൽ, സുഭാഷ്, അനിൽ, എന്നിവരാണ് യാത്ര അവസാനിപ്പിച്ച് മടങ്ങിയത്. യുവതികൾ ദർശനം നടത്തിയത് ശബരിമല ക്ഷേത്രത്തിന്റെ പരിപാവനതയെ ബാധിച്ചെന്ന കാരണത്താലാണ് മടക്കമെന്ന് ഇവർ പറഞ്ഞു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് കോഴിക്കോട് സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുർഗയും സന്നിധാനത്തെത്തി ദർശനം നടത്തിയത്. പുലർച്ചെ പമ്പയിൽ എത്തിയ ഇവർ പൊലീസിന്റെ സഹായത്തോടെ അതീവ രഹസ്യമായി ദർശനം നടത്തുകയായിരുന്നു.