sasikala-teacher

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനെതിരെ രണ്ടാം വിമോചന സമരം നടത്താൻ സമയമായെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല പറഞ്ഞു. ഇനി വിട്ടുവീഴ്‌ച വേണ്ടെന്നും രണ്ടാം വിമോചന സമരത്തിന് തയ്യാറാകാനുമാണ് ശശികലയുടെ ആഹ്വാനം. സംസ്ഥാന സർക്കാരിന്റെ ഭാവി ഇനി ഞങ്ങൾ തീരുമാനിക്കുമെന്നും അവർ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഹിന്ദുവിന്റെ പരിഭവം മനസിലാക്കുന്നുവെന്നും നിരാശരാകേണ്ടി വരില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വ്യാപകമായ അക്രമമാണ് നടക്കുന്നത്. പാലക്കാടും തിരുവനന്തപുരത്തും ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം തെരുവ് യുദ്ധത്തിലേക്ക് വഴിവച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. അക്രമികളെ പിരിച്ച് വിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രതിഷേധത്തിനും നാളെ ഹർത്താലിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.