ന്യൂഡൽഹി: ശബരിമലയിൽ പ്രവേശനം നടത്തിയ യുവതികളെ ബി.ജെ.പി എം.പി ഉദിത് രാജ് പ്രശംസിച്ചു. 'അവർ ശബരിമലയിൽ അയ്യപ്പ ദർശനം നടത്തിയതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. അതിനെതിരെയുള്ള പ്രതിഷേധവും വിവാദവും ഖേദകരമാണ്. എല്ലാ പുരുഷൻമാരും സ്ത്രീകളുടെ ഗർഭപാത്രത്തിൽ ജനിച്ചവരാണെ'ന്നും അദ്ദേഹം പറഞ്ഞു.
സതി, സ്ത്രീധനം പോലെയുള്ള ആചാരമായി മാത്രമെ ശബരിമലയിൽ യുവതീപ്രവേശനം നിഷേധിക്കുന്നതിനെ കാണാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവ് അംഗവും പട്ടികജാതി-വർഗ കോൺഫെഡറേഷന്റെ അഖിലേന്ത്യാ ചെയർമാൻ കൂടിയാണ് ഉദിത് രാജ്.
ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിന് പിന്തുണ നൽകിയത്. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ വ്യാപക പ്രതിഷേധം നടത്തുന്നതിനിടെയാണ് ഉദിത് രാജ് യുവതികളെ പ്രശംസിച്ച് രംഗത്തെത്തിയത്.