sabarimala
ശബരിമല യുവതി പ്രവേശത്തെ തുടർന്ന് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരത്തിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: അജയ് മധു

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശത്തിൽ പ്രതിഷേധിച്ച് സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ സംഘർഷം തുടരുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിൽ ബി.ജെ.പി- സി.പി.എം പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. ഇതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സി.പി.എമ്മിന്റെ ഫ്ലക്സ് ബോർഡുകളും കൊടികളും ബി.ജെ.പി പ്രവർത്തകർ റോഡിലിട്ട് തീയിട്ട് നശിപ്പിച്ചു. ഇതിനിടെ ബി.ജെ.പി നടത്തുന്ന നിരാഹാരസമര പന്തലിൽ സമരമിരിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളും സി.പി.എമ്മിന്റെ ജില്ലാ നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇതിനിടെ ബി.ജെ.പി പ്രവർത്തകർ നടത്തിയ കല്ലേറിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചാണ് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസുകാർ രണ്ട് തവണ ലാത്തിവീശി. നൂറുകണക്കിനു ബി.ജെ.പി പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ് സ്ഥലത്തെത്തിയിട്ടുണ്ട്.

നേരത്തേ ബിജെപി-യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ അഞ്ച് മാദ്ധ്യമപ്രവർത്തകർക്ക് പരുക്കേറ്റിരുന്നു. പ്രതിഷേധത്തിനുവന്നവരാണ് ആക്രമണം നടത്തിയത്‌.