manohar-parikar

പനാജി: റാഫേൽ കരാറുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കോൺഗ്രസ് രംഗത്തെത്തി. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ തന്റെ കിടപ്പുമുറിയിലുണ്ടെന്ന മുൻ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ പറഞ്ഞ കാര്യം ഗോവ മന്ത്രി വിശ്വജിത്ത് റാണെ പറയുന്നതിന്റെ ഓഡിയോ റെക്കോഡിംഗ് ഉണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വാർത്താസമ്മേളനം നടത്തിയാണ് ഓഡിയോ ടേപ്പ് പുറത്തിവിട്ടത്.

'റാഫേലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെ കൈവശം ഉണ്ട്. കരാറുമായി ബന്ധപ്പെട്ട പല ഇടപാടുകളിലും തിരിമറികളുണ്ടായിട്ടുണ്ട്. ഈ ഫയലുകളാണ് പരീക്കറുടെ കൈവശമുള്ളത്. അവ എന്തിനാണ് ബി.ജെ.പി മറച്ചുവെക്കുന്നത്. ഞങ്ങൾക്ക് സത്യം അറിയണമെന്നും' സുർജേവാല ആരോപിച്ചു.

റാഫേൽ രഹസ്യങ്ങൾ പരീക്കറുടെ കിടപ്പുമുറിയിലുള്ളത് കൊണ്ടാണോ ജെ.പി.സി (സംയുക്ത പാർലമെന്ററി സമിതി) എന്ന ആവശ്യം മോദി സർക്കാർ അംഗീകരിക്കാത്തത് എന്ന് രൺദീപ് സിംഗ് ചോദിച്ചു. അതേസമയം, ടേപ്പ് വ്യാജമാണെന്ന് ഗോവ ആരോഗ്യ മന്ത്രിയായ വിശ്വജിത്ത് റാണെ ആരോപിച്ചു. മനോഹർ പരീക്കർ റാഫേലിനെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഇത്തരം വ്യാജ ടേപ്പുകൾ നിർമ്മിക്കുന്ന നിലയിലേയ്‌ക്ക് കോൺഗ്രസ് തരം താണിരിക്കുകയാണെന്നും മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു.

റാഫേൽ കരാർ ഒപ്പിടുന്ന സമയത്ത് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു മനോഹർ പരീക്കർ. പിന്നീട് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ പരീക്കർ ഇപ്പോൾ അസുഖ ബാധിതനായി ചികിത്സയിലാണ്. എന്നാൽ, റാഫേലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ തന്റെ ഫ്‌ളാറ്റിലാണന്നും അതിനാൽ തന്നെ ആർക്കും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ കഴിയില്ലെന്നും പരീക്കർ പറഞ്ഞാതായാണ് കോൺഗ്രസിന്റെ ആരോപണം.