സദ്‌ഗുരു ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് ഉത്തരമായി നമ്മുടെ ആഗ്രഹങ്ങളുടെ സ്വഭാവം ചൂണ്ടിക്കാണിക്കുന്നു, ഒപ്പം നമ്മുടെ പൂർണമായ സാദ്ധ്യതകൾ മനസിലാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിക്കുന്നു
ചോദ്യം: നമസ്‌കാരം സദ്‌ഗുരു. എനിക്ക് വലിയ സ്വപ്നങ്ങളുണ്ട്. അത് യാഥാർത്ഥ്യമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ മറ്റുള്ളവരുമായി എളുപ്പത്തിൽ ഇടപഴകുന്ന ഒരു വ്യക്തിയല്ല ഞാൻ. ലോകത്തെ അഭിമുഖീകരിക്കാൻ എനിക്ക് ഭയമുണ്ട്. കോളേജ് പഠനം കഴിഞ്ഞാൽ എന്റെ സ്വപ്നം പാഴ്‌കിനാവാകുമോ എന്ന ഭയമില്ലാതെ, എന്റെ സ്വപ്നങ്ങളിലേക്ക് എങ്ങനെ സഞ്ചരിക്കാനാകും?
സദ്‌ദുരു : ആളുകൾ ഉറങ്ങാൻ പോകുമ്പോൾ, അവർക്ക് സ്വപ്നങ്ങളുണ്ട്, ഞാൻ നിങ്ങളോട് പറയുന്നു, കുറച്ച് സമയത്തേക്ക് നിങ്ങളുടെ സ്വപ്നത്തെ ഉറങ്ങാൻ വിടൂ എന്ന്. ഇപ്പോൾ ഒന്നും സ്വപ്നം കാണരുത്. എന്തായിത്തീരുമെന്ന് നിശ്ചയിക്കാനും പോകരുത്. മൂന്ന് മുതൽ അഞ്ച് വർഷത്തിനകം നിങ്ങൾ തീർത്തും വ്യത്യസ്തനായ ഒരു വ്യക്തിയാകും. ഞാൻ ലോകത്ത് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നിങ്ങൾ ഇന്ന് ചിന്തിക്കേണ്ടതില്ല, കാരണം വളരെ ചെറിയ, ഫലപ്രദമല്ലാത്ത സ്വപ്നമാണ് നിങ്ങൾ നിശ്ചയിക്കുക. ഇപ്പോൾ, നിങ്ങൾ ചെയ്യേണ്ടത്, ആകുന്നത്ര ഉൾക്കൊള്ളുക എന്നതാണ്. ശാരീരികമായും മാനസികമായും വൈകാരികമായും ബൗദ്ധികമായും ഒരു സമ്പൂർണ മനുഷ്യനായി മാറുക. എല്ലാ തലങ്ങളിലും, നിങ്ങൾക്ക് ആകാവുന്നത്ര മുന്നേറുക. മത്സരത്തിനുള്ള തയ്യാറെടുപ്പ് ഒരു സ്വപ്നം അല്ലെങ്കിൽ ആഗ്രഹം എന്നാൽ ഒരു വിധത്തിൽ ഓട്ടപ്പന്തയത്തെക്കുറിച്ച് ചിന്തിക്കലാണ്. ഈ ദിനങ്ങളിൽ അതിനെ ഒരു 'റാറ്റ് റേസെ'ന്ന് അവർ വിളിക്കുന്നു. നിങ്ങൾ 'റാറ്റ് റേസി 'ൽ പ്രവേശിക്കുകയാണെങ്കിൽ, ആരാണ് മികച്ചതെന്ന ചോദ്യമാണ് പ്രധാനമായും ഉണ്ടാവുക. യോഗ്യത നേടാൻ നിങ്ങളൊരു എലിയാകണം. പരിണാമ പ്രക്രിയയിൽ ഇതൊരു പിന്നോട്ടുള്ള ചുവടുവയ്പാണ്. നിങ്ങൾ വിജയിക്കുകയാണെങ്കിൽ, നിങ്ങൾ ഒരു സൂപ്പർ എലിയായേക്കാം. പക്ഷെ, അപ്പോഴും എലി തന്നെയാണ്. ''ഞാനെവിടെയാണ്, ആരുടെയെങ്കിലും എത്ര മുന്നിലാണ്, അല്ലെങ്കിൽ പിന്നിലാണ് " എന്ന് ഒരിക്കലും ചിന്തിക്കരുത്. നിങ്ങൾക്ക് ആകുന്നത്ര സാംശീകരിക്കാനുള്ള സമയമാണിത്. മാങ്ങകൾ വിളവെടുക്കാനുള്ള സമയമല്ല, പൂക്കൾ നുള്ളാനും, വളരാനുമുള്ള സമയമാണിത്. നിങ്ങൾക്ക് ഓട്ടത്തിൽ ജയിക്കണമെങ്കിൽ, ആഗ്രഹം കൊണ്ടുമാത്രം അത് സംഭവിക്കില്ല. നിങ്ങൾ ഉചിതമായ ഒരു മെഷീൻ നിർമ്മിക്കണം. നിങ്ങൾക്ക് മാരുതി 800 ഉണ്ടായിരിക്കുകയും ഫോർമുല വൺ റേസിൽ വിജയിക്കുന്നത് സ്വപ്നം കാണുകയുമാണെങ്കിൽ എന്താകും ? നിങ്ങൾക്ക് ആഗ്രഹിക്കുന്നത്ര സ്വപ്നം കാണാം. ല്യൂയിസ് ഹാമിൽട്ടൺ നിങ്ങളെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു, അപ്പോൾ മാരുതി 800 ഉപയോഗിച്ച് നിങ്ങൾ അദ്ദേഹത്തെ മറികടന്ന് ഓടിച്ചുപോയി എന്നൊക്കെ ! നിങ്ങൾക്ക് എല്ലാം സ്വപ്നം കാണാം, എന്നാൽ ട്രാക്കിലേക്ക് കടന്ന് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ , നിങ്ങളുടെ മാരുതിയുടെ നാല് വീലുകൾ നാല് ദിശകളിലേക്ക് പറക്കും. ഓട്ടത്തിൽ വിജയിക്കാൻ ശ്രമിക്കരുത് . മികച്ചൊരു മെഷീൻ ഉണ്ടാക്കുക - അതാണ് ഏറ്റവും സുപ്രധാനമായ കാര്യം. മറ്റൊരാളേക്കാൾ മികച്ചതാകാൻ താത്പര്യപ്പെടുന്നത് മനുഷ്യജീവിതത്തെ ക്രമീകരിക്കുന്ന ഒരു തെറ്റായ ദിശയാണ്. ഇത് നിങ്ങളെ എല്ലാ സമയങ്ങളിലും സ്പർദ്ധയിൽ അകപ്പെടുത്തുന്നു. നിങ്ങൾ മറ്റൊരാളുടെ പരാജയം ആസ്വദിക്കുകയാണെങ്കിൽ അതൊരു അസുഖമാണ്. നിങ്ങളുടെ സ്വപ്നങ്ങൾക്കും അപ്പുറം ലോകത്ത് നിങ്ങൾ എന്തു ചെയ്യണം? നിങ്ങളുടെ തലയിൽ വിരിയുന്നതല്ല, ഏറ്റവും ആവശ്യമായത് നിങ്ങൾ ചെയ്യണം. നിങ്ങളുടെ തലയിൽ വിരിയുന്നത് ലോകത്തെ സംബന്ധിച്ച് അപ്രസക്തമായേക്കാം. എങ്കിൽ അത് ചെയ്യുന്നതിൽ എന്തു കാര്യമാണുള്ളത്? പല ആളുകളും ഭ്രമാത്മകമായ കാര്യങ്ങൾ ചെയ്യുന്നു, വ്യത്യസ്ത രീതികളിൽ ലോകത്തെ നശിപ്പിക്കുന്നു. ആവശ്യമായത് സന്തോഷത്തോടെ ചെയ്യാനാകുമെങ്കിൽ ആളുകൾ ആ പ്രവർത്തനത്തെ പിന്തുണയ്ക്കും. നിങ്ങളുടെ സ്വപ്നങ്ങൾ കുറച്ചുസമയം നിദ്രയിലാകട്ടെ, കാരണം ജീവിതത്തിന്റെ പൂർവകാല അനുഭവത്തിൽ നിന്നാണ് സ്വപ്നങ്ങൾ വരുന്നത്. നമ്മുടെ ഭാവി ഭൂതകാലവുമായി ബന്ധപ്പെട്ടതായിരിക്കരുത്. അല്ലെങ്കിൽ നമ്മൾ പോയ കാലം റീസൈക്കിൾ ചെയ്യുകയും ഇത് ഭാവിയാണെന്ന് ചിന്തിക്കുകയുമായിരിക്കും. മിക്ക ആളുകളുടെയും ഭാവി സംബന്ധിച്ച ആശയം പൂർവകാലത്തിൽ നിന്നും എടുക്കുന്നതാണ്. അതിൽ പരിഷ്കാരം വരുത്തി ചെറിയ മെച്ചപ്പെടുത്തലോടെ അല്പം മെച്ചപ്പെട്ട ഭാവിയാണെന്ന് വ്യാഖ്യാനിക്കുന്നു. ഭാവി പുതുതായി സംഭവിക്കേണ്ടതാണ്. നിങ്ങൾ സ്വപ്നം കാണാത്തത് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ, അത് നിങ്ങൾക്കുള്ള എന്റെ അനുഗ്രഹമാണ്. നിങ്ങൾ ഭാവനയിൽ കാണാത്തത് സംഭവിക്കണം. നിങ്ങൾ സ്വപ്നം കാണുന്നത് സംഭവിക്കുകയാണെങ്കിൽ അതിന്റെ ഉപയോഗം എന്താണ്? നിങ്ങൾക്ക് അറിവുള്ളത് മാത്രം നിങ്ങൾക്ക് സ്വപ്നം കാണാനാകും. അറിവുള്ളത് മാത്രം സംഭവിക്കുകയാണെങ്കിൽ അതൊരു മോശം ജീവിതമാണ്. നിങ്ങൾക്ക് ഇപ്പോൾ സ്വപ്നം കാണാനാകാത്ത ചിലത് സംഭവിക്കട്ടെ. അപ്പോൾ മാത്രം ജീവിതം ആവേശകരമാകും. നിങ്ങളുടെ സ്വപ്നങ്ങളെ തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവ തകരട്ടെ,അങ്ങനെ നിങ്ങളുടെ പൂർണമായ സാധ്യതയിലേക്ക് സ്വയം വളരാനുള്ള അഭിലാഷം നിങ്ങൾക്കുണ്ടാകും.
( ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട സദ്‌ഗുരു, യോഗിയും ആത്മജ്ഞാനിയും ദീർഘദർശിയും ബെസ്റ്റ് സെല്ലിംഗ് ഓതറുമാണ്. അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് ഭാരത സർക്കാർ 2017ൽ പദ്മവിഭൂഷൺ നൽകി ആദരിച്ചു )