p-s-sreedharan-pillai

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തിലൂടെ സർക്കാർ ഹിന്ദു വിശ്വാസികളോട് കൊലച്ചതി കാണിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശബരിമലയെ തകർക്കാൻ ആസൂത്രിതമായി നടപ്പാക്കിയ തിരക്കഥയാണിത്. വിശ്വാസികളോട് സർക്കാർ എണ്ണിയെണ്ണി മറുപടി പറയേണ്ടിവരും. ഇക്കാര്യത്തിൽ ശബരിമല കർമ്മസമിതി ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകളുടെ തീരുമാനം വിജയിപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങണം. ഭരണാഘടനാനുസൃതമായ രീതിയിലായിരിക്കണം പ്രതിഷേധിക്കേണ്ടത്.

കോടിയേരി എരിതീയിൽ എണ്ണയൊഴിക്കുകയാണ്. അദ്ദേഹത്തിന്റെ തരംതാണ അഭിപ്രായത്തിന് മറുപടി അർഹിക്കുന്നില്ല. വിശ്വാസത്തെ തകർക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം വിജയിക്കില്ല. ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ നിലപാട് ശരിയായിരുന്നുവെന്ന് ഇപ്പോൾ എല്ലാവർക്കും ബോദ്ധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.