rahul-gandhi

ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിയുടെ പേര് പാർലമെന്റിൽ പറയരുതെന്ന സ്‌പീക്കർ സുമിത്ര മഹാജന്റെ നിർദ്ദേശത്തിനെതിരെ പരിഹാസ മറുപടിയുമായി രാഹുൽ ഗാന്ധി. സ്‌പീക്കറുടെ നിർദ്ദേശത്തിന് മറുപടിയായി എങ്കിൽ 'ഡബിൾ എ'യെന്ന് പറയാമോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. പാർലമെന്റിൽ രാഹുൽഗാന്ധിയുടെ പ്രസംഗത്തിനിടെയായിരുന്നു സംഭവം.

അനിൽ അംബാനിയുടെ പേര് പരാമർശിക്കുന്നതിനെ സ്‌പീക്കർ സുമിത്ര മഹാജൻ വിലക്കി. സ്‌പീക്കറുടെ നിർദ്ദേശത്തെ തുടർന്ന് രാഹുൽ ഗാന്ധി 'എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാനാവില്ലേ..?' എന്ന് മറുചോദ്യം ഉന്നയിച്ചു. എന്നാൽ പേര് പരാമർശിച്ചാൽ അത് നിയമവിരുദ്ധമാകുമെന്നായിരുന്നു സ്‌പീക്കറുടെ മറുപടി. എങ്കിൽ, ‍ഞാൻ അദ്ദേഹത്തെ ഡബിൾ എ (AA) എന്ന് വിളിച്ചോട്ടെ..?' രാഹുൽ ചോദിച്ചു. അംബാനിയുടെ പേര് പറയുന്നതിനെ ഭരണപക്ഷവും എതിർത്തതോടെ, അംബാനി ബി.ജെ.പി മെമ്പർ ആണോ എന്നും അദ്ദേഹം തിരിച്ചു ചോദിച്ചു.

തുടർന്ന് പ്രസംഗത്തിൽ രാഹുൽ അംബാനിയെ 'ഡബിൾ എ' എന്നായിരുന്നു അഭിസംബോധന ചെയ്‌തത്. ഇടയ്‌ക്ക് അനിൽ അംബാനി എന്ന് പരാമർശിച്ചിടത്തെല്ലാം 'ഡബിൾ എ' എന്ന് തിരുത്തിപ്പറയുകയും ചെയ്‌തു.