photo

കരുനാഗപ്പള്ളി: ശബരിമലയിൽ യുവതികൾ കയറിയതിനെതിരെ കരുനാഗപ്പള്ളിയിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു. സംഘട്ടനത്തിൽ എ.എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. എ.എസ്.ഐ ഷാഫിക്ക് സമരക്കാരുടെ കല്ലേറിലും ഗ്രേഡ് എസ്.ഐമാരായ ഫെലിൻമാത്യു, പത്മകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ രാജേന്ദ്രൻ, ബിനിൽരാജ് എന്നിവർക്ക് സമരക്കാരുമായി ഉണ്ടായ സംഘട്ടനത്തിലുമാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ. രാജേഷ്, കിച്ചു എന്ന് വിളിക്കുന്ന ശ്രീലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശബരിമലയിൽ യുവതികൾ പ്രവേശിച്ച വാർത്ത അറിഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ടൗണിലെ കടകൾ അടപ്പിച്ചു. അടയ്ക്കാൻ വിസമ്മതിച്ച കടകളുടെ ചില്ലുകളും മറ്റും അടിച്ച് തകർത്തു. ബഷീ ഷൂലാൻഡിലെ ജീവനക്കാരൻ റംഷാജിന്റെ കൈ പ്രവർത്തകർ പിടിച്ച് തിരിച്ചു. പരിക്കേറ്റ ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നാഷണൽ ഹൈവേയിൽ എത്തിയ സമരക്കാർ വാഹനങ്ങൾ തടയുകയും ഒരു കാറിന്റെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസ് രംഗത്തെത്തിയത്. തടഞ്ഞിട്ട വാഹനങ്ങൾ കടത്തിവിടാൻ ശ്രമിച്ച പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. അക്രമാസക്തരായ പ്രവർത്തകർ പൊലീസുകാരുടെ നേർക്ക് കല്ലേറ് നടത്തുകയും പൊലീസ് വാൻ ഉൾപ്പെടെ നിരവധി വാഹനങ്ങളുടെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു.
കടകൾ അടച്ച വ്യാപാരികൾ സംഘടിച്ച് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷം കടകൾ തുറന്നു. അക്രമവുമായി ബന്ധപ്പെട്ട് നിരിവധി ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.