നവോത്ഥാന വനിതാ മതിലിലൂടെ കേരളത്തിലെ സ്ത്രീകൾ ആർത്തവം സമം അശുദ്ധി, ലിംഗനീതിയില്ലായ്മ തുടങ്ങിയ ചരിത്ര ജീർണതകൾക്ക് ഈ മണ്ണിലിടമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു. സ്വന്തം കർതൃത്വം നിർവഹിച്ചതിലൂടെ നവോത്ഥാന പൈതൃകം പുരുഷാധിപത്യത്തിനോ യാഥാസ്ഥിക അധീശശക്തികൾക്കോ തട്ടിയെടുക്കാനാവില്ലെന്നും തെളിയിച്ചിരിക്കുന്നു.
അമ്പതുലക്ഷത്തിനോടടുത്ത സ്ത്രീകൾ വനിതാമതിലിൽ പങ്കെടുത്തെന്ന കണക്കുകൾ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആത്മവിശ്വാസം ബലപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ മുൻനിറുത്തി സ്ത്രീകൾക്കെതിരായി ഉയർത്തിയ നാമജപങ്ങൾ തുടരാമെന്നിരിക്കെ, നവോത്ഥാനമതിൽ തുടക്കം മാത്രമാകാനാണിടയാകുന്നത്.
ജ്ഞാനോദയ ചരിത്രകാരനും പ്രിൻസ്റ്റൺ സർവകലാശാലയിലെ പ്രൊഫസ്സറുമായ ജോനാഥൻ ഇസ്രായേലിന്റെ കാഴ്ചപ്പാടിൽ ജ്ഞാനോദയ നവോത്ഥാന മൂല്യങ്ങൾ നേരത്തെയുളള സാമൂഹിക അസമത്വങ്ങളും മാനുഷിക അവകാശ ധ്വംസനങ്ങളും ചോദ്യം ചെയ്യപ്പെട്ടുവെന്നതിലുപരി അത് മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങൾ - സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം, സ്ത്രീകളുടെ അവകാശം തുടങ്ങിയവ - സമൂഹത്തിന്റെ ഭാവി രൂപരേഖ തയ്യാറാക്കാൻ വേണ്ടിയുള്ളതാണ്.
പ്രബോധാത്മക വനിതാ മതിൽ കേരള ആധുനികതയുടെ സമകാലീന അടയാളമാണ്. ബ്രിട്ടീഷുകാർക്കെതിരെയുളള വയനാട്ടിലെ പ്രാദേശിക ആദിവാസി വിഭാഗങ്ങളുടെ 1812ലെ കലാപമാണ് ഒരു പ്രധാന തുടക്കം. പ്രാദേശിക ജാതിമതസ്ഥർക്കും ഫ്യൂഡൽ മൂല്യങ്ങൾക്കുമെതിരെയുളള മിഷനറിമാരുടെ ഇടപെടലുകൾ ആധുനികതയുടെ രണ്ടാംഘട്ടത്തെ അടയാളപ്പെടുത്തുന്നു. പ്രാദേശിക ആധുനികതയുടെ നിർണായകഘട്ടമായി മാറിയത്, സാമൂഹികപരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരു,ചട്ടമ്പി സ്വാമികൾ,ചാവറ കുര്യാക്കോസ് അച്ചൻ, പൊയ്കയിൽ അപ്പച്ചൻ, പണ്ഡിറ്റ് കറുപ്പൻ, അയ്യങ്കാളി, വക്കം അബ്ദുൾ ഖാദർ മൗലവി, തുടങ്ങിയ പരിവർത്തന നായകരുടെ ഇടപെടലുകളാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിൽ താഴ്ന്ന ജാതി സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനും ക്ഷേത്രങ്ങളിലും സ്കൂളുകളിലും പ്രവേശിക്കാനുമുളള അവകാശമുണ്ടായിരുന്നില്ല. അവ ചോദ്യം ചെയ്യപ്പെട്ടു. ഇതിൽ കർഷകരും തൊഴിലാളികളും സ്ത്രീകളും കുട്ടികളും അണിചേർന്നു. കാലോചിതമാറ്റം ഉൾക്കൊണ്ട് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഉൽപ്പതിഷ്ണുക്കളായ ഹിന്ദുക്കൾ അതിനെ കൂടുതൽ ജനകീയമാക്കി. ആധുനിക കേരള സംസ്ഥാന രൂപീകരണത്തിനുശേഷം കാർഷിക വ്യാവസായിക മേഖലകളിൽ ഘടനാപരമായ മാറ്റങ്ങളുണ്ടായെങ്കിലും സ്ത്രീ ശാക്തീകരണത്തിന്റെയും ലിംഗനീതിയുടെയും കാര്യത്തിൽ നിർണായക മാറ്റങ്ങളുണ്ടായില്ല. അത്തരമൊരു മാറ്റം അനിവാര്യമാക്കിത്തീർക്കുകയാണ് ശബരിമല.
ശബരിമല അദ്ധ്യായം
ശബരിമല പുതിയ രാഷ്ട്രീയ വ്യാകരണം കേരളത്തിൽ തുറന്നിടുകയുണ്ടായി. ജനാധിപത്യബോധത്തോടെ പ്രശ്നത്തെ സമീപിച്ചിരുന്നെങ്കിൽ ലിംഗനീതി ഉറപ്പുവരുത്തുന്നതായ ഒരു മാറ്റം ശബരിമലയുടെ പശ്ചാത്തലത്തിൽ ഉയരുമായിരുന്നു. ഇന്ത്യൻ ഭരണഘടനയെ ആത്യന്തിക ധാർമ്മിക അധികാരമായി കണ്ടിരുന്നെങ്കിൽ പ്രശ്നം സമാധാനപരമായി പരിഹരിക്കാമായിരുന്നു. ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന് തുല്യതയും മനുഷ്യാവകാശങ്ങളും ലിംഗനീതിയുമാണെന്നിരിക്കെ, അത് ഉയർത്തിപ്പിടിച്ച സുപ്രീംകോടതിവിധിയെ ഏറ്റെടുക്കുകയല്ലാതെ ജനാധിപത്യ സർക്കാരിന് മറ്റുമാർഗമില്ല. മറ്റെല്ലാം ജനാധിപത്യത്തെ അപകടപ്പെടുത്തും. വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വയം ഏറ്റെടുക്കേണ്ടുന്ന ഒന്നാണ് ധാർമ്മിക അധികാരം. അത് പൊതുവായി ചോദ്യം ചെയ്യപ്പെടുമ്പോൾ പൊതുഭരണഘടനയെ ആശ്രയിക്കുക മാത്രമാണ് മാർഗം. ആ ദൗത്യം ഏറ്റെടുക്കാതിരിക്കാൻ ജനകീയ സർക്കാരിനാവില്ല.
രണ്ടാമതായി ജൈവശാസ്ത്രപരമായ അറിവ് അംഗീകരിക്കാൻ തയ്യാറാവുന്ന ഒരു സമൂഹത്തിന് ആർത്തവം സമം അശുദ്ധി എന്ന അശാസ്ത്രീയ സമീപനം യുക്തിക്ക് നിരക്കാത്തതാണ്. ഇത് തിരിച്ചറിയാതിരിക്കുന്നതിലൂടെ കാലഹരണപ്പെട്ട ആചാരങ്ങളെ പുനുരുത്പാദിപ്പിക്കുകയും മനുഷ്യാവകാശ ധ്വംസനം തുടരുകയുമാണ് . പ്രത്യേകിച്ച് ലിംഗനീതിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ.
മൂന്നാമതായി ദേശീയതലത്തിൽ രാഷ്ട്രീയപാർട്ടികൾ എടുത്ത തീരുമാനങ്ങൾ പ്രാദേശികതലത്തിൽ അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ പ്രശ്നം ഒഴിവാക്കാമായിരുന്നു. പകരം 'ദൈവത്തിന്റെ നാട്ടിൽ ദൈവം കളിക്കുകയായിരുന്നു" പല രാഷ്ട്രീയപാർട്ടികളും . ബിജെപി - ആർ.എസ്.എസ് സ്ത്രീകളെ മുന്നിൽ നിറുത്തി സ്ത്രീകൾക്കെതിരെ പോര് തീർത്തു. കോൺഗ്രസ് അവരുടെ ദേശീയ പൈതൃകം പോലും ബലികഴിപ്പിച്ചുകൊണ്ട് സമരത്തോടൊപ്പം ചേർന്നു. ഇതൊക്കെ തെളിയിക്കുന്നത് കേരളം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളുടെ ശോഷണമാണ്. ഇത് തിരിച്ചുപിടിക്കുന്നതിനുള്ള ഒരു പ്രതീകാത്മക പ്രതിരോധം മാത്രമാണ് വനിതാമതിൽ. വനിതാ മതിലിലൂടെ സൃഷ്ടിക്കുന്ന സ്ത്രീസാക്ഷരത നവകേരള സാക്ഷരതയുടെ ബൗദ്ധികശക്തിയായി മാറുകയാണ് വേണ്ടത്.
നവകേരള സാക്ഷരത
ഉയർന്ന ഔപചാരിക വിദ്യാഭ്യാസം കൊണ്ട് മാത്രം ഒരു ജനത സാംസ്കാരിക നവനിർമ്മാണത്തിന് തയ്യാറാവണമെന്നില്ല എന്നതാണ് സമകാലിക സംഭവങ്ങൾ പഠിപ്പിക്കുന്നത്. മറ്റൊരു ചേരുവ, ആധുനിക ശാസ്ത്ര അറിവുകളാണ്. ആധുനിക ശാസ്ത്ര അറിവുകളുടെ ഉറവിടം ഏതായിരുന്നാലും അത് പഠിക്കാനും ഉൾക്കൊളളാനും കഴിയണം. സത്യത്തെ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും അതീന്ദ്രതയുടേയും പേരിൽ വികൃതമാക്കുകയും കോലംകെടുത്തുകയും ചെയ്യുമ്പോഴാണ് ഒരു സമൂഹം വൈകാരികതയിലേക്ക് എടുത്ത് എറിയപ്പെടുന്നത്. തനിക്ക് മാത്രമായി കീഴ്പ്പെടുന്ന സ്വകാര്യബോധമായി ആചാരത്തെയും വിശ്വാസത്തെയും കാണുന്നതാവും വിശ്വാസികൾക്ക് നല്ലത്. പൊതു ഇടത്തിലേക്ക് അത് വലിച്ചുനീട്ടുന്നത് ധാർമ്മിക നവോത്ഥാന മൂല്യങ്ങളുടെ മുന്നേറ്റത്തിന് തടസമാകും. ജാതി -മതപരമായ അപക്വത നവോത്ഥാന പക്വതയിലേക്കുള്ള ദൂരം വർദ്ധിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. നവോത്ഥാന പക്വതയിലേക്കുള്ള സമൂഹത്തിന്റെ യാത്രയിൽ സ്ത്രീകൾ മുന്നിൽ നിൽക്കുന്നു എന്നത് കേരളം ലോകത്തിന് കാഴ്ചവെക്കുന്ന സമകാലീന മാതൃകയാണ്.
(സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായ ലേഖകൻ ഓക്സ്ഫോർഡ്, മാഞ്ചസ്റ്റർ, കേംബ്രിഡ്ജ് സർവകലാശാലകളിൽ വിസിറ്റിംഗ് ഫെലോയുമായിരുന്നു 9400448818)