udit-raj

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ബി.ജെ.പി നിലപാടിന് വിരുദ്ധമായി, ഇന്നലെ ദർശനം നടത്തിയ യുവതികളെ പിന്തുണച്ചും നടപടിയെ സ്വാഗതം ചെയ്തും ബി.ജെ.പി എം.പി ഉദിത് രാജ് രംഗത്തെത്തി.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിലും അയ്യപ്പ ദർശനം നടത്തിയതിലും ഞാൻ വളരെ സന്തോഷിക്കുന്നു. അതിനെതിരെയുള്ള പ്രതിഷേധവും വിവാദവും ദുഃഖകരമാണ്. എല്ലാ പുരുഷൻമാരും സ്ത്രീകളുടെ ഗർഭപാത്രത്തിൽ ജനിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് അംഗവും പട്ടികജാതി-വർഗ കോൺഫെഡറേഷന്റെ അഖിലേന്ത്യാ ചെയർമാനുമാണ് ഉദിത് രാജ്.

സതിയും സ്ത്രീധനവും പോലെ അനാചാരമായി മാത്രമേ ശബരിമല യുവതീപ്രവേശനം നിഷേധിക്കുന്നതിനെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച് ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് പരസ്യമായി രംഗത്തെത്തുന്നത്.