ഓരോ ആണ്ടുപിറപ്പിനെയും നമ്മൾ സ്വാഗതം ചെയ്യുന്നത് ഏതോ പുതിയ പ്രത്യാശയുമായിട്ടാണ്. ഈ പ്രത്യാശ ജീവിതത്തിലെ ഏതുരംഗത്തെ സംബന്ധിച്ചുമാകാം. അതിലൊന്നാണ് രാഷ്ട്രീയം. ആധുനിക യുഗത്തിൽ ലോകത്തുളള ഏതു മനുഷ്യർക്കും ഒരുപോലെ താല്പര്യമുളള ഒന്നാണ് രാഷ്ട്രീയം. ഈ രാഷ്ട്രീയം മനുഷ്യനന്മയെ ഉദ്ദേശിച്ചുകൊണ്ടുളളതാണെന്ന് സ്പഷ്ടം. ഈ നന്മ കൈവരുമെന്ന് ഏവരും പ്രതീക്ഷിക്കുന്നത് രാജ്യഭരണരംഗത്താണ്.
ഈ രംഗത്ത് അധികാരം കയ്യാളാൻ മത്സരിക്കുന്നത് രാഷ്ട്രീയകക്ഷികളാണ്. ഓരോകക്ഷിക്കുമുണ്ട് മനുഷ്യനന്മ എങ്ങനെ കൈവരിക്കാൻ എന്നതിനെ സംബന്ധിച്ചുളള ഓരോ പ്രത്യയശാസ്ത്രം. അതിനെ അടിസ്ഥാനമാക്കി അവർ ഭരണാധികാരം കയ്യാളാൻ വേണ്ടി മത്സരിക്കുന്നു. ഈ മത്സരത്തിനിടയിൽ അവർ മറന്നുപോകുന്ന ഒരു പ്രത്യേകകാര്യം ഈ മത്സരം മൂലം മനുഷ്യൻ അനുഭവിക്കേണ്ടി വരുന്ന തിന്മകളും യാതനകളുമാണ്. സ്വന്തം ശക്തി തെളിയിക്കാനുളള രാഷ്ട്രീയകക്ഷികളുടെ ശ്രമത്തിന്റെ ഫലമായുണ്ടാകുന്ന ഏതുതരം കഷ്ടതകളും അനുഭവിക്കാൻ ജനങ്ങൾ ബാദ്ധ്യസ്ഥരാണ്. അവരത് സഹിച്ചുകൊളളണം എന്നത് ഒരു രാഷ്ട്രീയ കീഴ് വഴക്കമായി മാറിയിട്ടുണ്ടെന്നു തന്നെ പറയാം. ഇത് കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ എവിടെയും ലോകമെമ്പാടും കണ്ടുകൊണ്ടിരിക്കുന്നു.
മനുഷ്യനന്മയുടെ പേരിൽ മനുഷ്യരെ കഷ്ടപ്പെടുത്തുമ്പോൾ രാഷ്ട്രീയത്തിനു നഷ്ടപ്പെടുന്നത് മനുഷ്യത്വത്തിന്റെ മുഖമാണ്. മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരു രാഷ്ട്രീയസംസ്ക്കാരം നമുക്ക് വേണ്ടിയിരിക്കുന്നു. മനുഷ്യത്വം അതിന്റെ പൂർണ്ണതയിലെത്തുന്നത് മനുഷ്യന്റേതുൾപ്പെടെയുളള ജീവിതത്തിനാധാരമായിരിക്കുന്നതും അതിനെ മുന്നോട്ട് നയിക്കുന്നതുമായ സത്യം കണ്ടറിഞ്ഞ് ജീവിക്കുമ്പോഴാണ്. രാഷ്ട്രീയവും കുറ്റമറ്റതായിത്തീരുന്നത് അതേസത്യത്തിൽ തന്നെ അത് അധിഷ്ടിതമായിരിക്കുമ്പോഴാണ്.
ലോകത്തെവിടെയുമുളള ഏതു മനുഷ്യർക്കും ഉളള ജീവിതപ്രത്യാശ ഒരേ തരത്തിലുളളതാണ്. ആ പ്രത്യാശയെ കണക്കിലെടുത്തുകൊണ്ടുളളതും, പൊതുവായ നന്മയും ഓരോരുത്തരുടെയും നന്മയും ഒരേസമയം ഉറപ്പുവരുത്തുന്നതും, ജീവിതത്തിനാധാരമായിരിക്കുന്ന ഏകസത്യത്തിൽ ഉറച്ചു നിൽക്കുന്നതുമായ ഒരു പുതിയ രാഷ്ട്രീയ സംസ്ക്കാരവും രാഷ്ട്രതന്ത്റവും നമുക്ക് വേണ്ടിയിരിക്കുന്നു. മനുഷ്യവർഗ്ഗത്തെയും മനുഷ്യർ അധിവസിക്കുന്ന ഈ ലോകത്തേയും ഒന്നായിക്കാണുന്ന ഒരു രാഷ്ട്രീയമായിരിക്കണം നമ്മുടെ അന്തിമ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുളള മാർഗ്ഗം തെളിച്ചുതരാൻ നാരായണഗുരുദർശനം വെളിച്ചം വീഴ്ത്തട്ടെ. നമുക്ക് പ്രത്യാശ കൈവിടാതിരിക്കാം. നിരാശതാബോധം നമ്മെ തളർത്തും. ശാരീരികാമായും മാനസികമായും ആദ്ധ്യാത്മികമായും. പ്രത്യാശ നമ്മെ വളർത്തും - അറിവിലും ജീവിതസുഖത്തിലും
പിറന്ന വർഷം ഇത്തരത്തിൽ നമ്മെ മുന്നോട്ട് തന്നെ നയിക്കാൻ ഇടയാവട്ടെ. അതിനുവേണ്ടിയുളള ആശംസകൾ ഏവർക്കും നേരുന്നു.