കാസർകോട്: പള്ളിക്കര ചേറ്റുകുണ്ടിൽ വനിതാ മതിൽ തീർക്കാനെത്തിയവർക്ക് നേരെ ബോംബാക്രമണം നടത്തുകയും സി.പി.എം പ്രവർത്തകരെയും പൊലീസിനെയും ആക്രമിക്കുകയും ചെയ്ത 300 ഓളം ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരുടെ പേരിൽ ബേക്കൽ പൊലീസ് കേസെടുത്തു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും വാഹനങ്ങൾ തകർത്തതിനും കേസെടുത്തിട്ടുണ്ട്. വനിതാമതിൽ കഴിഞ്ഞു തിരിച്ചുപോവുകയായിരുന്നവർ സഞ്ചരിച്ച ബസിന് നേരെ മധൂർ കുതിരപ്പാടിയിൽ ഉണ്ടായ അക്രമത്തിൽ സ്ത്രീകൾ ഉൾപ്പടെ നാല് പേർക്കാണ് പരിക്കേറ്റത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
ബാഡൂരിലെ സരസ്വതി (50), കന്തലിലെ അവ്വാബി (51) എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ ബസിന്റെ ചില്ലുകൾ തുളച്ചു കയറി തലക്കാണ് ഇവർക്ക് സാരമായ പരിക്കേറ്റത്. മറ്റു രണ്ടുപേരെ കാസർകോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മതിലിൽ അണിനിരക്കാൻ എത്തിയ വനിതകളെ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷം നിയന്ത്രിക്കാൻ പൊലീസ് അഞ്ചു റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. ഗ്രനേഡ് പ്രയോഗിച്ചിട്ടും അക്രമിസംഘം പിരിഞ്ഞുപോകാതായപ്പോഴാണ് വെടിവെപ്പ് നടത്തിയത്. എന്നിട്ടും പോകാൻ കൂട്ടാക്കാത്ത ആളുകൾക്കെതിരെ കൈത്തോക്ക് കൊണ്ട് നേരിട്ട് നിറയൊഴിക്കാനും പൊലീസ് തയ്യാറായി.
അക്രമത്തിൽ നിരവധി പൊലീസുകാർക്കും സി.പി.എം, ബി.ജെ.പി പ്രവർത്തകർക്കും പരിക്കേറ്റു. കല്ലേറിൽ ബേക്കൽ എസ്.ഐ കെ.പി. വിനോദ്കുമാറിനും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാദ്ധ്യമപ്രവർത്തകർക്കു നേരെയും കൈയേറ്റമുണ്ടായി. മനോരമ ന്യൂസ് കാമറമാൻ ടി.ആർ. ഷാനിനെ അക്രമികൾ മർദ്ദിക്കുകയും കാമറ തല്ലിതകർക്കുകയും ചെയ്തു. റിപ്പോർട്ടർ എം.ബി.ശരത്ചന്ദ്രനു നേരെയും കൈയേറ്റശ്രമമുണ്ടായി. ചുള്ളിക്കൽ റുഖിയ (50), കാഞ്ഞങ്ങാട് കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് (36), മറ്റൊരു പൊലീസുകാരനായ രോഹിത് (29), ജില്ലാ പഞ്ചായത്ത് ജീവനക്കാരൻ ഷിനോജ്, ഷയന അയറോട് (15) എന്നിവർക്കാണ് പരിക്കേറ്റത്. നാലു പൊലീസ് വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെ കല്ലേറുണ്ടായി. മറ്റു സ്ഥലങ്ങളിൽ മതിൽ തീർത്തു തിരിച്ചെത്തിയ സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ കൂടെയുണ്ടായിരുന്ന ഇടതുമുന്നണി പ്രവർത്തകർ എത്തിയതോടെ സംഘർഷം രൂക്ഷമായി. അന്യോന്യം കല്ലേറും കൊലവിളിയും ഉയർന്നപ്പോഴാണ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസ് ,ഡിവൈ.എസ്.പി പി.കെ. സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.