തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന്റെ പേരിൽ ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തിയെതിനെതിരെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശുദ്ധികലശം നടത്തേണ്ടത് ക്ഷേത്രത്തിലല്ല തന്ത്രിയുടെ മനസിലാണെന്ന് തൃപ്തി ദേശായി വിമർശിച്ചു. നേരത്തെ, ശബരിമലദർശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും പ്രതിഷേധത്തെതുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാവാതെ മടങ്ങിപ്പോയിരുന്നു.
അതേസമയം യുവതികൾ പ്രവേശിച്ച നടപടിയെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ സ്വാഗതം ചെയ്തു. യുവതീ പ്രവേശനം വഴി സർക്കാർ സുപ്രീം കോടതി വിധി നടപ്പിലാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പ്രതികരിച്ചു.
ഇന്ന് പുലർച്ചയോടെയാണ് ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമലയിൽ പ്രവേശിച്ചത്. ഇത് മുഖ്യമന്ത്രിയും സ്ഥിരീകരിച്ചതോടെയാണ് രാവിലെ 10.30ന് നട അടച്ചത്. നടയടയ്‌ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിറുത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്‌തിരുന്നു. തന്ത്രി കണ്‌ഠരര് രാജീവരരുടെ നേതൃത്വത്തിൽ ശുദ്ധിക്രിയകൾ പൂർത്തിയാക്കിയതിന് ശേഷമാണ് നടവീണ്ടും തുറന്നത്. പഞ്ചപുണ്യാഹം, ബിബശുദ്ധി ക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം വിളിച്ചു ചൊല്ലി പ്രായശ്‌ചിത്തം എന്നിവയ്‌ക്ക് ശേഷമാണ് നടതുറന്നത്.