തിരുവനന്തപുരം: നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടകൾ തുറന്നാൽ ആവശ്യമായ സംരക്ഷണം നൽകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹറ. ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അക്രമത്തിന് മുതിരുകയോ നിർബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യും. സഞ്ചാര സ്വാതന്ത്റ്യം തടയുന്നവർക്കെതിരെയും നടപടിയുണ്ടാവും. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാൻ നിയമനടപടിയെടുക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ, സ്വത്തുവകകളിൽ നിന്നോ നഷ്ടം ഈടാക്കും.
വ്യക്തികൾക്കും വസ്തുവകകൾക്കും എതിരെയുളള അക്രമങ്ങൾ കർശനമായി തടയണമെന്നും അനിഷ്ട സംഭവങ്ങൾ തടയാൻ ആവശ്യമായ സുരക്ഷ എർപ്പെടുത്തണമെന്നും ജില്ലാ പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദ്ദേശം നൽകി. സർക്കാർ ഓഫീസുകൾക്കും കെ.എസ്.ഇ.ബി, അടക്കമുള്ള മറ്റ് ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ തടസമില്ലാതെ സർവീസ് നടത്താൻ സൗകര്യമൊരുക്കും. കോടതികളുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിന് നടപടിയെടുക്കും. കൂടുതൽ പൊലീസ് പിക്കറ്റും പട്രോളിംഗും ഏർപ്പെടുത്തും.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഓഫീസിന് സംരക്ഷണമൊരുക്കണമെന്നും ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്നും ഡി.ജി.പി നിർദ്ദേശിച്ചു. ഹർത്താലുകൾ നിർബന്ധിത ഹർത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം. സ്ഥിതിഗതികൾ നിരീക്ഷിച്ച് നടപടിയെടുക്കാൻ റേഞ്ച് ഐ.ജിമാരോടും സോണൽ എ.ഡി.ജി.പിമാരോടും നിർദ്ദേശിച്ചു.