r
റാഫേൽ

പനാജി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരവെ, ബി.ജെ.പിക്കെതിരെ കോൺഗ്രസ്‌ ശബ്ദരേഖ പുറത്തുവിട്ടു. റാഫേലുമായി ബന്ധപ്പെട്ട ഗോവയിലെ മന്ത്രിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവിട്ടാണ് കോൺഗ്രസ് പുതിയ ആരോപണം ഉന്നയിച്ചത്.

റാഫേലുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധ വകുപ്പ് മന്ത്രിയുമായ മനോഹർ പരീക്കറിന്റെ കിടപ്പുമുറിയിൽ ഉണ്ടെന്ന് ഗോവ മന്ത്രി വിശ്വജിത് റാണെ പറയുന്നതിന്റെ ശബ്ദ സന്ദേശമാണിതെന്നാണ് കോൺഗ്രസിന്റെ വാദം. അതിനാലാണ് സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തെ ബി.ജെ.പി ഭയക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

റഫേൽ കരാറിൽ കേന്ദ്രസർക്കാർ ഒപ്പുവയ്ക്കുന്ന സമയത്ത് പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു മനോഹർ പരീക്കർ. റാഫേലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ തന്റെ ഫ്ലാറ്റിലാണന്നും അതിനാൽ തന്നെ ആർക്കും ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനാകില്ലെന്നും പരീക്കർ പറഞ്ഞ കാര്യം ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ മറ്റൊരാളോട് വെളിപ്പെടുത്തുന്നതായ ശബ്ദരേഖയാണ് കോൺഗ്രസ് പുറത്തുവിട്ടത്. മന്ത്രിസഭയുമായി അടുപ്പമുള്ള ആരോട് ചോദിച്ചാലും ഇക്കാര്യം വ്യക്തമാകുമെന്നും റാണെ പറയുന്നുണ്ട്.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള കോൺഗ്രസിന്റെ വ്യാജ പ്രചാരണമാണിത്. കൃത്രിമമായി ഉണ്ടാക്കിയെടുത്ത ശബ്ദരേഖയാണ് പ്രചരിപ്പിക്കുന്നത്

-വിശ്വജിത് റാണെ