bank

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളായ ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഒഫ് ബറോഡയിൽ ലയിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ബാങ്ക് ഒഫ് ബറോഡ മാറും. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

ലയനത്തിന്റെ ഭാഗമായി ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. സേവന-വേതന വ്യവസ്ഥകളിലും മാറ്റമുണ്ടാകില്ല. ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയിലെ സ്ഥിരം ജീവനക്കാരും മറ്റ് ജീവനക്കാരും ബാങ്ക് ഒഫ് ബറോഡയുടെ ഭാഗമാകും. കഴിഞ്ഞ സെപ്‌തംബർ 17നാണ് ഈ മൂന്ന് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്ന് ധനമന്ത്രി അരുൺ ജയ്‌റ്ര്‌ലി പ്രഖ്യാപിച്ചത്. മൂന്നു ബാങ്കുകളുടെയും ഡയറക്‌ടർ ബോർഡുകളുടെ അനുമതിയും ലയനത്തിനുണ്ട്.

കഴിഞ്ഞ ഡിസംബർ 21ന് അരുൺ ജയ്‌റ്ര്‌ലി, പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവർ ഉൾപ്പെട്ട 'ഓൾട്ടനേറ്റീവ് മെക്കാനിസവും" ലയനത്തിന് അനുമതി നൽകിയിരുന്നു. നിലവിൽ പൊതുമേഖലയിൽ 21 ബാങ്കുകളാണ് രാജ്യത്തുള്ളത്. ഇവയ്ക്ക് മൂലധന സഹായമായി വൻതുക നൽകേണ്ടുന്ന ബാദ്ധ്യതയും കേന്ദ്ര സർക്കാരിനുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പത്തോ അതിൽ താഴെയോ ആയിക്കുറയ്‌ക്കുകയും ബാദ്ധ്യത ഒഴിവാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം.

ആഗോള തലത്തിൽ കിടപിടിക്കുന്ന ബാങ്കുകളെ സൃഷ്‌ടിക്കുകയും ലക്ഷ്യമാണ്. സ്‌റ്രേറ്ര് ബാങ്ക് ഒഫ് ട്രാവൻകൂർ ഉൾപ്പെടെയുള്ള അഞ്ച് അസോസിയേറ്ര് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും എസ്.ബി.ഐയിൽ ലയിപ്പിച്ച് കഴിഞ്ഞ വർഷമാണ് മോദി സർക്കാർ ബാങ്കിംഗ് ലയനത്തിന് തുടക്കമിട്ടത്. എസ്.ബി.ഐ ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളിലൊന്നാണ്. ബാങ്ക് ഒഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ലയിച്ചുണ്ടാകുന്ന പുതിയ ബാങ്കിന് 14.82 ലക്ഷം കോടി രൂപയുടെ ബിസിനസ് മൂല്യമുണ്ടാകും.

ഓഹരി കൈമാറ്റത്തിലും

ധാരണ

ലയനത്തിന്റെ ഭാഗമായുള്ള ഓഹരി കൈമാറ്റത്തിന്റെ അനുപാതം ബാങ്ക് ഒഫ് ബറോഡ പ്രഖ്യാപിച്ചു. ഇതുപ്രകാരം ബാങ്ക് ഒഫ് ബറോഡയുടെ ആയിരം ഓഹരികൾക്കായി ദേന ബാങ്കിന്റെ ഓഹരി ഉടമകൾ 110 ഓഹരികളും വിജയ ബാങ്കിന്റെ ഓഹരിയുടമകൾ 402 ഓഹരികളും കൈമാറണം.