കൊച്ചി: എറണാകുളം ജില്ലയിൽ ഹർത്താൽ ദിനത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് 49 സംഘടനകളുടെ കൂട്ടായ്മ. പാർട്ടിഭേദമന്യേ രൂപീകരിച്ച ആന്റി ഹർത്താൽ കോർഡിനേഷൻ കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം ജില്ലയിൽ കടകൾ തുറന്ന് പ്രവർത്തിക്കുകയും ബസുകൾ സർവീസ് നടത്തുമെന്നും അവർ അറിയിച്ചു.
കടകൾക്കോ ബസുകൾക്കോ ഏതെങ്കിലും തരത്തിൽ കേടുപാടുകൾ സംഭവിച്ചാൽ കമ്മിറ്റി നഷ്ടപരിഹാരം നൽകും. മാത്രമല്ല പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും ഹർത്താൽ വിരുദ്ധ സമിതിയുടെ പ്രസ്താവനയിൽ പറയുന്നു. കേരള ചേംബർ ഒഫ് കൊമേഴ്‌സ്, ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ, ടെക്‌സ്‌റ്റൈൽ ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തുടങ്ങിയ 49 സംഘടനകളുടെ കൂട്ടായ്മയാണ് തീരുമാനമെടുത്തത്.