vellappally-

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശത്തിൽ നിരാശയും വേദനയുമുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാത്രിയുടെ മറവിൽ ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചു. സന്നിധാനം വിശ്വാസികൾക്കുള്ള ഇടമാണ്,​ അല്ലാതെ ആക്ടിവിസ്റ്റുകൾക്കുള്ളതല്ല. എസ്.എൻ.ഡി.പി വിശ്വാസികൾക്കൊപ്പമെന്നും വെള്ളാപ്പള്ളി പറഞ്ഞു.


ശബരിമലയിൽ രഹസ്യമായി യുവതീദർശനം സാധ്യമാക്കിയ സർക്കാർ തന്ത്രം തറവേലയാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നേരത്തെ പ്രതികരിച്ചിരുന്നു. ജനാധിപത്യത്തിന് യോജിച്ച പ്രവൃത്തിയല്ല ഇത്. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ നിന്ദിക്കലും വെല്ലുവിളിക്കലുമാണ്. ഭരണതന്ത്രജ്ഞതയില്ലാതെ രാഷ്ട്രീയം വിരോധം തീർക്കാൻ ശബരിമലയെ ഉപകരണമാക്കുകയാണ് മുഖ്യമന്ത്രി എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഭരണഘടനയോടും സുപ്രീം കോടതിയോടുമുള്ള പ്രതിബദ്ധത കാട്ടാനാണെങ്കിൽ ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായ എരുമേലി വാവരുപള്ളിയിൽ വനിതാതീർത്ഥാടകരെയോ കുറഞ്ഞപക്ഷം മുസ്ളീം വനിതകളെയോ പ്രവേശിപ്പിക്കാനുള്ള ധൈര്യം കൂടി കാണിക്കണം.


ഹൈന്ദവരോട് എന്തുമാകാമെന്ന ഇടതുപക്ഷങ്ങളുടെ ധാരണ തെറ്റാണ്. ആചാരലംഘനമുണ്ടായാൽ ശുദ്ധിക്രിയകൾ നടത്താൻ ബാധ്യതപ്പെട്ടവരാണ് തന്ത്രിയും മേൽശാന്തിയും. അവരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിറുത്താൻ വൃഥാശ്രമാണ് സർക്കാരും ദേവസ്വം ബോർഡും നടത്തുന്നത്. വിശ്വാസവും ആചാരങ്ങളും കാത്തുസൂക്ഷിക്കാൻ ബാദ്ധ്യതപ്പെട്ട ദേവസ്വം ബോർഡ് പരാജയപ്പെട്ട സാഹചര്യത്തിൽ രാജിവെച്ച് പോകണമെന്നും തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.