തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെതുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു.
ഡി.ജി.പിയുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിലായിരുന്നു യോഗം. ശബരിമല കർമസമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്തു.
ഹർത്താലിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും അക്രമം അനുവദിക്കരുതെന്നും ചീഫ് സെക്രട്ടറി കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹർത്താലിൽ അക്രമം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലാണെന്ന് ഉറപ്പാക്കണം. എല്ലാ സോണൽ എ.ഡി.ജി.പിമാർക്കും റേഞ്ച് ഐ.ജിമാർക്കും കർശന നടപടി സ്വീകരിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.