തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധം പലയിടത്തും സംഘർഷത്തിലും അക്രമത്തിലും ചിലയിടത്ത് ലാത്തിച്ചാർജിലും കലാശിച്ചു. പന്തളത്ത് പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് കർമ്മ സമിതി പ്രവർത്തകൻ മരിച്ചു. കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ (55) ആണ് മരിച്ചത്. പലയിടത്തും കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തു. പൊലീസ് ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരുമടക്കം നിരവധിപേർക്ക് പരിക്കേറ്റു. ബി.ജെ.പി, ശബരിമല കർമ്മസമിതി, സേവാഭാരതി അടക്കമുള്ള സംഘടനകളാണ് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്.
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ആറിന് പന്തളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ പരിക്കേറ്റാണ് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത്. ഒരു പൊലീസുകാരനടക്കം മറ്റ് നാല് പേർക്ക് പരിക്കേറ്റു. സി. പി. എം ഏരിയാകമ്മറ്റി ഓഫീസിന് സമീപം എത്തിയപ്പോഴാണ് കല്ലേറും സംഘർഷവും ഉണ്ടായത്. പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. സി.പി.എം ഓഫീസിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് കർമ്മസമിതി പ്രവർത്തകർ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം നടത്തിയ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കർമ്മ സമിതി പ്രവർത്തകർ പിന്നീട് പന്തളത്ത് റോഡ് ഉപരോധിച്ചു.
വിജയമ്മയാണ് ചന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ. മകൾ: അഖില. മരുമകൻ: അയ്യപ്പൻ. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരു വർഷം മുമ്പ് ചന്ദ്രൻ ഉണ്ണിത്താന് ശസ്ത്രക്രിയ നടത്തിയിരുന്നു. ബേക്കറി ഉത്പന്നകമ്പനിയുടെ സെയിൽസ്മേനായിരുന്നു.
ഏറ്റവുമധികം സംഘർഷമുണ്ടായ സെക്രട്ടേറിയറ്റിന് മുന്നിൽ ബി.ജെ.പി പ്രവർത്തകരും സി.പി.എമ്മുകാരും ഏറ്റുമുട്ടി. സംഘർഷത്തിൽ തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. സ്റ്റാച്യുവിലെ സമരപ്പന്തൽ കേന്ദ്രീകരിച്ച് ബി.ജെ.പിക്കാരും ദേശീയ പണിമുടക്കിന്റെ ഭാഗമായി സ്ഥാപിച്ച സംയുക്ത സമരസമിതി ഓഫീസ് കേന്ദ്രീകരിച്ച് സി.പി.എമ്മുകാരും അണിനിരന്നായിരുന്നു സംഘർഷം. ഇരുവിഭാഗവും പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ പരസ്പരം പ്രകോപനപരമായ പോർവിളികളോടെ സെക്രട്ടേറിയറ്റിന് ഇരുവശത്തും നിലയുറപ്പിച്ചതോടെ ഏഴ് മണിക്കൂറോളം യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. ഫ്ളക്സ് ബോർഡുകൾ തകർത്തും പരസ്പരം കല്ലെറിഞ്ഞും പ്രവർത്തകർ സംഘർഷത്തിന് കോപ്പുകൂട്ടി. പലതവണ പൊലീസിന് ലാത്തിവീശേണ്ടി വന്നു. കല്ലേറിൽ ഷാഡോ പൊലീസ് അംഗത്തിന് തലയ്ക്ക് പരിക്കേറ്റു.
നെയ്യാറ്റിൻകരയിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ 10 കർമ്മസമിതി പ്രവർത്തകർക്ക് പരിക്കേറ്റു. പൗഡിക്കോണത്ത് കെ.എസ്.ആർ.ടി.സി ബസിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്കേറ്റു.
ഗുരുവായൂരിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി കാട്ടി. കണ്ണൂർ, പാലക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ബസ് സർവീസ് നിറുത്തിവച്ചു. കരുനാഗപ്പള്ളിയിൽ ശബരിമല കർമ്മസമിതി പ്രവർത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ 5 പൊലീസുകാർക്കും നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. ഇന്നലെ വൈകിയും മിക്ക ജില്ലകളിലും സംഘർഷാവസ്ഥ തുടരുകയാണ്.
കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ അക്രമങ്ങളുണ്ടായത്. ആലപ്പുഴയിൽ ഹരിപ്പാട്, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാപകമായി ആക്രമണമുണ്ടായി. പലയിടത്തും ബലം പ്രയോഗിച്ച് കടകൾ അടപ്പിച്ചു.