ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിൽ ആളൊഴിഞ്ഞ് കിടക്കുന്ന തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്‌റ്റേഷൻ പരിസരം
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ സമിതി സംസ്ഥാനത്ത് അഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതം പൂർണമായും സ്‌തംഭിച്ച നിലയിലാണ്. കോഴിക്കോട് നഗരത്തിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടയുന്നുണ്ട്. പേരാമ്പ്രയിലും കൊയിലാണ്ടിയിലും കെ.എസ്.ആർ.ടി.സി ബസിന് നേരേ കല്ലേറുണ്ടായി. കോഴിക്കോട് രാവിലെ തുറന്ന ഹോട്ടലിന് നേരേയും ഒരു സംഘം കല്ലെറിഞ്ഞു. മലപ്പുറം തവനൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു.
അതേസമയം, വാഹനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും സുരക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാലും ചിലയിടങ്ങളിൽ മാത്രമാണ് വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്. അതേസമയം, വ്യാപാരസ്ഥാപനങ്ങൾക്ക് പൊലീസ് മതിയായ സുരക്ഷ നൽകുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് ടി.നസിറുദ്ദീൻ ആരോപിച്ചു. പലയിടങ്ങളിലും ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കുകയാണ്. ഹർത്താൽ വിമുക്ത കേരളം എന്ന ലക്ഷ്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതീപ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നിരുന്നു.ഡി.ജി.പിയുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിലായിരുന്നു യോഗം. ശബരിമല കർമസമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്തു. ഹർത്താലിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും അക്രമം അനുവദിക്കരുതെന്നും ചീഫ് സെക്രട്ടറി കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർത്താലിൽ അക്രമം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലാണെന്ന് ഉറപ്പാക്കണം. എല്ലാ സോണൽ എ.ഡി.ജി.പിമാർക്കും റേഞ്ച് ഐ.ജിമാർക്കും കർശന നടപടി സ്വീകരിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പ്രതിഷേധവും ഹർത്താൽ ആചരണവും സമാധാനപരമായിരിക്കണമെന്നും ബി.ജെ.പി സംസ്ഥാനകമ്മിറ്റി അഭ്യർഥിച്ചു. വ്യാഴാഴ്ച കരിദിനമാചരിക്കാൻ യു.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്. പാൽ, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെയും തീർഥാടകരെയും ഹർത്താലിൽനിന്ന് ഒഴിവാക്കി.