തിരുവനന്തപുരം: ആർ.സി.സി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ വയനാട് സ്വദേശിയായ രോഗി തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64)ആണ് റെയിൽവേ പ്ലാറ്റ്ഫോമിൽ കുഴഞ്ഞ് വീണ് മരിച്ചത്.
ഏറെ നാളായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്ന ഇവർ ഇന്ന് ചികിത്സാ ആവശ്യത്തിനാണ് തിരുവനന്തപുരത്തെത്തിയത്. എന്നാൽ ട്രെയിനിൽ നിന്ന് ഇറങ്ങിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ലഭ്യമായില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. പിന്നീട് പൊലീസ് ആംബുലൻസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.