പത്തനംതിട്ട:ശബരിമല യുവതീ പ്രവേശനത്തിനെതിരെ പന്തളത്ത് ശബരിമല കർമസമിതി നടത്തിയ പ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ ബി.ജെ.പി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്ന് കുടുംബം ആരോപിച്ചു. സംഘർഷ സാധ്യത ഉണ്ടായിട്ടും പൊലീസ് മുൻകരുതലുകൾ എടുത്തിരുന്നില്ല. ഇപ്പോൾ നടക്കുന്നത് പൊലീസും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയാണെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ പൊലീസ് വിലക്ക് ലംഘിച്ചാണ് ശബരിമല കർമസമിതി പ്രവർത്തകർ പന്തളത്ത് പ്രതിഷേധ പ്രകടനം നടത്തിയതെന്നാണ് പത്തനംതിട്ട എസ്.പിയുടെ പ്രതികരണം. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പ്രകടനം ഒഴിവാക്കണമെന്ന് നിർർദ്ദേശിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ആറിന് പന്തളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ പരിക്കേറ്റാണ് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത്. ഒരു പൊലീസുകാരനടക്കം മറ്റ് നാല് പേർക്ക് പരിക്കേറ്റു. സി.പി. എം ഏരിയാ കമ്മിറ്റി ഓഫീസിന് സമീപം എത്തിയപ്പോഴാണ് കല്ലേറും സംഘർഷവും ഉണ്ടായത്. പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. സി.പി.എം ഓഫീസിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് കർമ്മസമിതി പ്രവർത്തകർ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൻ, അജു എന്നിവരെയാണ് പിടിയിലായത്. അക്രമം നടത്തിയ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കർമ്മ സമിതി പ്രവർത്തകർ പിന്നീട് പന്തളത്ത് റോഡ് ഉപരോധിച്ചു.
വിജയമ്മയാണ് ചന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ. മകൾ: അഖില. മരുമകൻ: അയ്യപ്പൻ. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരു വർഷം മുമ്പ് ചന്ദ്രൻ ഉണ്ണിത്താന് ശസ്ത്രക്രിയ നടത്തിയിരുന്നു.