sabarimala-tantri
ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടർന്ന് മേൽശാന്തി നടയടയ്ക്കുന്നു. ഫോട്ടോ സന്തോഷ് നിലയ്ക്കൽ

തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം ഉണ്ടായതിന് പിന്നാലെ ശ്രീകോവിൽ അടച്ച് പൂട്ടി പരിഹാരക്രിയകൾ ചെയ്‌തത് ഗുരുകര വീഴ്‌ചയാണെന്ന് ദേവസ്വം ബോർഡ്. സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ച് കൊണ്ടും ദേവസ്വം ബോർഡിനോട് ആലോചിക്കാതെയും നട അടച്ചത് ഗുരുതര പിഴവാണ്. ഇക്കാര്യത്തിൽ തന്ത്രി കണ്ഠരര് രാജീവരരോട് ബോർഡ് വിശദീകരണം തേടും. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തന്ത്രിക്കെതിരെ നടപടിയെടുക്കുമെന്നും ബോർഡ് വൃത്തങ്ങൾ അറിയിച്ചു. ദേവസ്വം കമ്മിഷണർ ഇത്തരത്തിൽ തന്ത്രിയോട് വിശദീകരണം തേടിയതായും റിപ്പോർട്ടുകളുണ്ട്.

ബോർഡിനോട് ആലോചിക്കാതെയാണ് തന്ത്രി നട അടച്ചതെന്നും ഇക്കാര്യത്തിൽ അദ്ദേഹം കോടതിയിൽ വിശദീകരണം നൽകേണ്ടി വരുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദേവസ്വം ബോർഡിനോട് ആലോചിച്ചാണെങ്കിൽ പോലും തന്ത്രിയുടെ നടപടി കോടതി അലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം, തന്ത്രിയുടെ നടപടി ഇന്ന് സുപ്രീം കോടതിയിൽ ഉന്നയിക്കുമെന്ന് ചില അഭിഭാഷകർ അറിയിച്ചിട്ടുണ്ട്. സ്ത്രീകൾ കയറിയതിന് പിന്നാലെ ശുദ്ധികലശം നടത്തിയത് കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്നും ചില നിയമ വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

യുവതീ പ്രവേശനത്തെ തുടർന്ന് അശുദ്ധി ആരോപിച്ച് തന്ത്രി കണ്ഠര് രാജീവരുടെ നിർദ്ദേശാനുസരണം മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയാണ് ഇന്നലെ രാവിലെ 10.30ന് ക്ഷേത്ര നട അടച്ചത്. പുണ്യാഹവും ശുദ്ധിക്രിയകളും ബിംബശുദ്ധിയും നടത്തി 11.08ന് നട തുറന്നു. 11.22 മുതൽ ദർശനം പുനരാരംഭിച്ചു. തുടർന്നുള്ള ചടങ്ങുകൾ പതിവ്പോലെ നടന്നു. നേരത്തെയും യുവതികൾ ദർശനത്തിന് എത്തിയപ്പോൾ ഭക്തരുടെ പ്രതിഷേധം മൂലം മരക്കൂട്ടത്ത് നിന്ന് മടങ്ങിപ്പോകേണ്ടി വന്നിരുന്നു. സർക്കാർ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തങ്ങൾ വീണ്ടും ദർശനത്തിന് എത്തിയതെന്നും സുരക്ഷ ഒരുക്കാൻ സാധിക്കില്ലെങ്കിൽ സ്വയം മുന്നോട്ടുപോകുമെന്ന നിലപാടിൽ ഉറച്ചു നിന്നിരുന്നതായും ഇവർ പറഞ്ഞു. തീർത്ഥാടനകാലം തുടങ്ങിയതുമുതൽ നിരവധി യുവതികൾ എത്തിയിരുന്നെങ്കിലും ആർക്കും വലിയ നടപ്പന്തലിന് അപ്പുറം കടക്കാൻ കഴിഞ്ഞിരുന്നില്ല.