ന്യൂഡൽഹി: പാർലമെന്റ് ചർച്ചയ്ക്ക് ശേഷം കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി റാഫേൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളും മറുപടികളുമായി ഒന്നര മണിക്കൂർ ചാനൽ അഭിമുഖം നടത്തുന്ന പ്രധാനമന്ത്രി റാഫേൽ വിഷയത്തിൽ പാർലമെന്റിൽ വന്ന് വിശദീകരണം നൽകാനുള്ള ധെെര്യമില്ലെന്ന് രാഹുൽ ആരോപിച്ചു. റാഫേൽ വിഷയത്തിൽ പലതവണ കോൺഗ്രസ് പ്രധാനമന്ത്രിയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിൽ മോദി പ്രതികരിച്ചിട്ടില്ല. മോദി റാഫേൽ വിഷയത്തിൽ 20മിനിറ്റ് ചർച്ചയ്ക്ക് തയ്യാറാവണമെന്നും, നാല് ചോദ്യങ്ങൾ മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
വ്യോമസേന എട്ടുവർഷം പണിയെടുത്താണ് റാഫേൽ പോർവിമാനം തെരഞ്ഞെടുത്തത്. 126 വിമാനങ്ങളാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ, അത് 36 മാത്രമാക്കി ചുരുക്കിയത് ആരാണ്? 126 വിമാനങ്ങൾ വേണ്ടെന്ന് വ്യോമസന സർക്കാറിനോട് പറഞ്ഞിട്ടുണ്ടോ? പാർലമെന്റിൽ എന്തുകൊണ്ട് 'എ.എ'യുടെ പേര് ആവർത്തിക്കാൻ പാടില്ല? മോദിജീ, പരീക്കരുടെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരിക്കുന്ന റാഫേൽ ഫയലുകളെ കുറിച്ച് തുറന്ന് പറയണം? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുൽ ട്വിറ്ററിൽകൂടി മോദിക്കെതിരെ ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം പാർലമെന്റിൽ റാഫേൽ വിഷയത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബഹളത്തിൽ പലതവണ സഭ നിറുത്തിവച്ചിരുന്നു. ഒറ്റ വിമാനം പോലും ഇന്ത്യയിൽ എത്തിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും രാഹുൽ പറഞ്ഞു. റാഫേൽ പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട ചില ഫയലുകൾ തന്റെ കിടപ്പുമുറിയിൽ ഉണ്ടെന്ന് മുൻ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ പറയുന്നതിന്റെ ഓഡിയോ ടേപ്പ് സഭയിൽ കേൾപ്പിക്കാൻ അനുവദിക്കണമെന്ന് രാഹുൽ സ്പീക്കറോട് അഭ്യർഥിച്ചിരുന്നു.
ആ ടേപ്പ് സാക്ഷ്യപ്പെടുത്താൻ രാഹുൽ തയ്യാറാണോ എന്നായി സ്പീക്കർ സുമിത്ര മഹാജന്റെ ചോദ്യം. സ്പീക്കർക്ക് പേടിയാണെങ്കിൽ ടേപ്പ് കേൾപ്പിക്കേണ്ടതില്ലെന്ന് രാഹുൽ പറഞ്ഞു. രാഹുൽ നുണ പറയുകയാണെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി നാഷനൽ ഹെറാൾഡ് പ്രശ്നവും എടുത്തിട്ടു. റാഫേൽ പോർവിമാന ഇടപാടിൽ മോദി പ്രമുഖ വ്യവസായി അനിൽ അംബാനിയെ സഹായിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. അതേസമയം, അംബാനിയുടെ പേര് ആവർത്തിക്കുന്നതിനോട് സ്പീക്കർ വിയോജിച്ചു. എന്നാൽ, ‘എ എ’ എന്നു പറയാമെന്നായി രാഹുൽ. അംബാനി ബി.ജെ.പി അംഗമാണോ എന്നും രാഹുൽ ചോദിച്ചു.