sabarimala-harthal

തിരുവനന്തപുരം: ഹർത്താലിനെതിരെ ജനകീയ കൂട്ടായ്‌മയുമായി വ്യാപാര സമൂഹവും പിന്തുണയുമായി ജില്ലാ ഭരണകൂടങ്ങളും പൊലീസും രംഗത്തിറങ്ങിയതോടെ പലയിടത്തും വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നു. സർക്കാരിനെതിരെ നടത്തുന്ന സമരം വ്യാപാരികൾക്ക് നേരെയുള്ള പ്രതികാര നടപടിയായി മാറിയെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് വ്യാപാരികളുടെ നിലപാട്. പലയിടങ്ങളിലും വ്യാപാരികൾ തന്നെ രാവിലെ വാഹനങ്ങളിൽ സംഘടിച്ചെത്തി കടകൾ തുറന്നു. തുറക്കാൻ മടിച്ച് നിന്നവർക്ക് ധൈര്യം നൽകാനും പൊലീസ് സുരക്ഷ ഉറപ്പാക്കാനും വ്യാപാരി വ്യവസായി നേതാക്കന്മാർ ഉണ്ടായിരുന്നു. വയനാട്ടിൽ വ്യാപാരികൾ പ്രതിഷേധവുമായി റോഡിലിറങ്ങുകയും ചെയ്‌തു.

അതേസമയം, ഏത് രാഷ്ട്രീയ പാർട്ടി ആഹ്വാനം ചെയ്‌തതായാലും ഹർത്താലുകളിൽ കടകൾ അടയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എറണാകുളം ജില്ലാ കളക്‌ടർ മുഹമ്മദ് സഫറുള്ള അറിയിച്ചു. കൊച്ചി ബ്രോഡ്‌വേയിൽ നേരിട്ടെത്തിയ അദ്ദേഹം വ്യാപാരികൾക്ക് ആവശ്യമായ എല്ലാ സുരക്ഷയും നൽകാമെന്ന് വാഗ്‌ദ്ധാനം ചെയ്‌തു. 2019ൽ ഏത് രാഷ്ട്രീയ പാർട്ടി ഹർത്താൽ നടത്തിയാലും കടകൾ തുറന്ന് പ്രവർത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കടകൾ അടപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്‌ടർ വ്യക്തമാക്കി. എറണാകുളത്ത് കടകൾ നിർബന്ധിപ്പിക്കാൻ എത്തിയ ഹർത്താൽ അനുകൂലികളെ പൊലീസ് വിരട്ടിയോടിക്കുകയും നിരവധി പ്രവർത്തകരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വ്യാപാരികൾ സംഘടിച്ചെത്തി കടകൾ തുറക്കുന്നുണ്ട്. മലപ്പുറത്തും വയനാടും കോഴിക്കോടും മിക്കയിടങ്ങളിലും കടകൾ തുഫന്ന് പ്രവർത്തിക്കുന്നു. ഇതിനിടയിൽ പാലക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസിന് നേരെ ഹർത്താൽ അനുകൂലികളുടെ ആക്രമണമുണ്ടായി.