sabarimala-

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. കള്ളന്മാർ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചിൽ തീകോരിയിട്ട പിണറായി വിജയന്റെ പാർട്ടിക്കെതിരെ വിശ്വാസികൾ പരിഹാര കർമ്മം നടത്തുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തെമ്മാടി നാട് ഭരിക്കുമെങ്കിൽ തെമ്മാടിത്തത്തോടെ നേരിടുമെന്നും ശോഭ സുരേന്ദ്രൻ ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പറഞ്ഞു. പിണറായിയുടെ ചെരുപ്പ് നക്കിയാണ് ദേവസ്വം ബോർഡ് പ്രസിഡന്റെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമലയിലെ യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ സമിതി സംസ്ഥാനത്ത് അഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതം പൂർണമായും സ്‌തംഭിച്ച നിലയിലാണ്. കോഴിക്കോട് നഗരത്തിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടയുന്നുണ്ട്. പേരാമ്പ്രയിലും കൊയിലാണ്ടിയിലും കെ.എസ്.ആർ.ടി.സി ബസിന് നേരേ കല്ലേറുണ്ടായി. കോഴിക്കോട് രാവിലെ തുറന്ന ഹോട്ടലിന് നേരേയും ഒരു സംഘം കല്ലെറിഞ്ഞു. മലപ്പുറം തവനൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു.

വാഹനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും സുരക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാലും ചിലയിടങ്ങളിൽ മാത്രമാണ് വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്. അതേസമയം, വ്യാപാരസ്ഥാപനങ്ങൾക്ക് പൊലീസ് മതിയായ സുരക്ഷ നൽകുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് ടി.നസിറുദ്ദീൻ ആരോപിച്ചു. പലയിടങ്ങളിലും ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കുകയാണ്. ഹർത്താൽ വിമുക്ത കേരളം എന്ന ലക്ഷ്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.