bulandshahr

ല‌ക്‌നൗ: ബുലന്ദ്ഷഹറിലെ ആൾക്കൂട്ട ആക്രമണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ സുബോധ്കുമാർ സിംഗിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ ബജ്രംഗ്‌ദൾ നേതാവ് യോഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബജ്രംഗ്‌ദളിന്റെ ബുലന്ദ്ശഹർ ജില്ലാ കോ-ഓർഡിനേറ്ററാണ് യോഗേഷ്. ഡിസംബർ മൂന്നിന് പാടത്ത് ഉപേക്ഷിക്കപ്പെട്ട എസ്‌.യു.വിയിലാണു സുബോധ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

പശുക്കളുടെ ജഡം കണ്ടെന്നാരോപിച്ച് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായാണ് സുബോധ് കുമാറുൾപ്പെടുന്ന പൊലീസ് സംഘം ബുലന്ദ്ഷഹറിലെത്തിയത്. 400ഓളം പേരാണ് സുബോധ്കുമാറിനെ ആക്രമിച്ചത്. തലയ്‌ക്ക് വെടിയേറ്റാണ് സുബോധ് കൊല്ലപ്പെട്ടത്. കല്ലുകൾ കൊണ്ടും വടികൾ കൊണ്ടും സുബോധ് കുമാറിനെ മർദ്ദിച്ചു. സംഭവത്തിൽ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിരുന്നു. കേസിൽ നേരത്തേ അറസ്റ്റിലായ സൈനികൻ ജിതേന്ദ്ര മാലിക് ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. കൊലപ്പെടുത്തുന്നതിന് മുമ്പ് സുബോധ്കുമാർ സിംഗിന്റെ കൈവിരലുകൾ മഴുകൊണ്ട് വെട്ടി മുറിച്ചെടുത്തയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്‌തിരുന്നു.