ന്യൂഡൽഹി: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ വിഷയം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് യു.ഡി.എഫ് എം.പിമാർ നോട്ടീസ് നൽകി. അവിശ്വാസികളായ ആക്റ്റിവിസ്റ്റുകളെ പ്രവേശിപ്പിച്ചുവെന്ന് എം.പിമാർ നോട്ടീസിൽ ആരോപിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പിയാണ് നോട്ടീസ് നൽകിയത്. ശബരിമലയിൽ ക്രമസമാധാന നിലതകരാനുള്ള സാദ്ധ്യതയുണ്ടാക്കിയിരിക്കുന്നുവെന്നും, കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് നിയമ നിർമാണത്തിന് തയ്യാറാവണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
കോൺഗ്രസ് എം.പിമാരായ കെ.സി വേണുഗോപാൽ, എം.കെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി തുടങ്ങിയവരും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ശബരിമലയിൽ ആചാരത്തിനൊപ്പം നിൽക്കുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നൽകിയിരുന്നു.