കോഴിക്കോട്: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് നടക്കുന്ന ഹർത്താലിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സംഘർഷം. കോഴിക്കോട് മിഠായിത്തെരുവിൽ തുറന്ന കടകൾ ഹർത്താൽ അനകൂലികൾ അടപ്പിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ഹർത്താൽ അനകൂലികൾ പൊലീസിനെതിരെ തിരിഞ്ഞതിനെ തുടർന്ന് കണ്ണീർവാതകവും ലാത്തിച്ചാർജും നടക്കുകയാണ്. ഒട്ടനവധി വാഹനങ്ങളും ഹർത്താൽ അനകൂലികൾ തകർത്തിരിക്കുകയാണ്.
ഹർത്താലിൽ കടതുറക്കുമെന്ന് വ്യാപാരി സംഘടനകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് വ്യാപാരികൾ സംഘടിച്ചെത്തി കട തുറക്കുകയായിരുന്നു. എന്നാൽ ഹർത്താൽ അനുകൂലികൾ നിർബന്ധിച്ച് ഭീഷണിപ്പെടുത്തി കടയടപ്പിക്കുകയായിരുന്നു. ഇതിനിടെ ശബരിമല കർമ്മസമിതി അനകൂലികളും സി.പി.എം പ്രവർത്തകരും നടത്തിയ പ്രതിഷേധം ഇരുവശത്തുകൂടി കടന്നുപോയതിനെ തുടർന്ന് സ്ഥലത്ത് സംഘർഷം സൃഷ്ടിച്ചു. മേഖലകളിൽ അക്രമം തുടരുകയാണ്. സംഭവത്തെ തുടർന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.