തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ സംഘർഷങ്ങൾ ആസൂത്രിതമാണെന്നും രാഷ്ട്രീയ പ്രേരിതമായ ഇത്തരം സംഭവങ്ങൾ വച്ച് പൊറുപ്പിക്കില്ലെന്നും ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയിൽ കഴിഞ്ഞ ദിവസം യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ഭക്തരുടെ സ്വാഭാവിക പ്രതിഷേധമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ചിലയാളുകൾ അക്രമത്തിന് അഹ്വാനം ചെയ്യുകയായിരുന്നു. ഇത് വച്ച് പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
യുവതികൾ ആവശ്യപ്പെട്ടത് പ്രകാരം സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്‌തത്. ഹെലിക്കോപ്‌ടറിൽ അല്ല സ്ത്രീകളെ അവിടെ എത്തിച്ചത്. മറിച്ച് സാധാരണ തീർത്ഥാടകർ പോകുന്ന വഴിയിലൂടെ തന്നെയാണ് അവർ പോയത്. ശബരിമലയെയും നാടിനെയും സംഘർഷ ഭൂമിയാക്കാനാണ് ചിലർ ശ്രമിക്കുന്നത്.ഇതിൽ നിന്നും നാടിനെ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന അക്രമത്തിൽ 79 കെ.എസ്.ആർ.ടി.സി ബസുകളും 7 പൊലീസ് വാഹനങ്ങളും തകർക്കപ്പെട്ടു. ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തുന്ന അഞ്ചാമത്തെ ഹർത്താലാണ് ഇന്ന്. മൂന്ന്മാസത്തിനിടെ സംഘപരിവാർ സംഘടനകൾ നടത്തുന്ന ഏഴാമത്തെ ഹർത്താലുമാണ്.
അതേസമയം, യുവതികൾ പ്രവേശിച്ചതിന് പിന്നാലെ ശബരിമല നട അടച്ച നടപടി വിചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ കക്ഷിയായ ഒരാൾ തന്നെ സുപ്രീം കോടതി വിധിയുടെ ലംഘനം നടത്തിയത് തെറ്റാണ്. വ്യക്തിപരമായ ആശയങ്ങൾ നടപ്പിലാക്കണമെങ്കിൽ സ്ഥാനം രാജിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രം അടയ്‌ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്. ഭരണഘടനയോട് കൂറ് പുലർത്തണമെന്ന സർക്കാർ നയമാണ് ലംഘിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.