accidental-prime-minister

പട്ന: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ജീവിതകഥയെ ആധാരമാക്കി ഇറങ്ങുന്ന ബോളിവുഡ് ചിത്രം 'ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററി'ന്റെ പേരിൽ നടൻ അനുപം ഖേർ ഉൾപ്പെടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. സുധീർ കുമാർ ഓജ എന്ന അഭിഭാഷകനാണ് കേസ് നൽകിയിരിക്കുന്നത്. മുസാഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ജനുവരി 8ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി വാദം കേൾക്കും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും അദ്ദേഹത്തിന്റെ പ്രസ് അഡ്വയ്സർ സഞ്ജയ് ബാരുവിനെയും അവതരിപ്പിച്ച അനുപം ഖേർ, അക്ഷയ് ഖന്ന എന്നിവർക്കെതിരെയാണ് പരാതി.

‘ഇത് എന്നെയും മറ്റ് പലരേയും വേദനിപ്പിച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരെയും ചിത്രത്തിൽ വ്യക്തിഹത്യ ചെയ്യുന്നു എന്നാണ് സുധീർ കുമാർ ഉന്നയിക്കുന്ന ആരോപണം. ചിത്രത്തിന്റെ സംവിധായകനും നിർമാതാവിനുമെതിരെയും പരാതി നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തു വന്നതിനു പിന്നാലെയാണ് ചിത്രത്തെ ചൊല്ലിയുള്ള ബി.ജെ.പി- കോൺഗ്രസ് തർക്കം രൂക്ഷമായത്. വസ്‌തുതകൾ വളച്ചൊടിക്കുന്ന ചിത്രമെന്നാണ് കോൺഗ്രസ് നിലപാട്.

പിന്തുടർച്ചാവകാശി എത്തും വരെ പ്രധാനമന്ത്രി പദം വഹിച്ച രാജപ്രതിനിധി മാത്രമായിരുന്നോ മൻമോഹൻസിംഗ് എന്ന് ബി.ജെ.പി ട്വീറ്റ് ചെയ്‌തിരുന്നു. എന്നാൽ, വിവാദങ്ങളോട് മൻമോഹൻ സിംഗ് പ്രതികരിച്ചില്ല. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചിത്രം നിരോധിക്കുമെന്ന വാർത്തകൾ കോൺഗ്രസ് നിഷേധിച്ചു. ബി.ജെ.പിയുടെ വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണിതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

മൻമോഹൻ സിംഗിന്റെ മാദ്ധ്യമ ഉപദേഷ്‌ടാവായിരുന്ന സഞ്ജയ് ബാരു 2014ൽ പ്രസിദ്ധീകരിച്ച 'ദി ആക്‌സിഡന്റൽ പ്രൈംമിനിസ്റ്റർ: ദി മേക്കിംഗ് ആൻഡ് അൺമേക്കിംഗ് ഒഫ് മൻമോഹൻ സിംഗ് ' എന്ന പുസ്‌തകത്തെ ആസ്‌പദമാക്കിയാണ് ചിത്രം. മുൻ യു.പി.എ സർക്കാരിലെ രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രം ജനുവരി 11നാണ് തിയേറ്ററുകളിലെത്തുക.