ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച ഹർത്താൽ നടക്കുകയാണ്. കൂടാതെ ഹർത്താലിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ അക്രമം നടക്കുകയാണ്. എന്നാൽ ഹർത്താലിനെ ഒന്നും വകവയ്ക്കാതെ തന്റെ തൊഴിൽ ഭംഗിയായി നടത്താൻ തീരുമാനിച്ചിരിക്കുകയാണ് നടൻ സലീം കുമാർ.
ഹർത്താൽ ദിനത്തിൽ മമ്മൂട്ടി ചിത്രമായ മധുരരാജയുടെ ലൊക്കേഷനിലേക്ക് ബൈക്കിൽ യാത്ര തിരിച്ചിരിക്കുകയാണ് സലീം കുമാർ. ഇതിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവയ്ച്ചു. ഹർത്താൽ കാരണം ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ താൽപര്യമില്ലാത്തതിനെ തുടർന്നാണ് സലീം കുമാർ ബൈക്കിൽ ലൊക്കേഷനിൽ എത്താൻ തീരുമാനിച്ചത്.
'ഹർത്താൽ ദിനത്തിൽ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക്' എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ താരത്തിന് അനുകൂലിച്ച് ഒരുപാടുപേർ കമന്റിലൂടെ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ നിരവധി പേർ സമകാലിന സംഭവങ്ങളെ ഉൾക്കൊള്ളിച്ച് ട്രോൾ രൂപേണെയുള്ള കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.