തിരുവനന്തപുരം: പന്തളത്ത് കഴിഞ്ഞ ദിവസം ശബരിമല കർമസമിതി നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ കല്ലേറിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ മരിച്ചത് ഹൃദയസ്‌തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കല്ലേറിൽ പരിക്കേറ്റ പ്രവർത്തകനെ അടുത്തുള്ള ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് രാത്രി 11മണിക്ക് ഹൃദയസ്‌തംഭനം വന്നാണ് ബി.ജെ.പി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.അതേസമയം, തനിക്ക് നേരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഇന്ന ജാതിയിൽ പെട്ടയാളാണെന്ന് ചിലർ ഇടയ്‌ക്കിടെ ഓർമിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ആറിന് പന്തളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ പരിക്കേറ്റാണ് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത്. ഒരു പൊലീസുകാരനടക്കം മറ്റ് നാല് പേർക്ക് പരിക്കേറ്റു. സി.പി. എം ഏരിയാ കമ്മിറ്റി ഓഫീസിന് സമീപം എത്തിയപ്പോഴാണ് കല്ലേറും സംഘർഷവും ഉണ്ടായത്. പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരു വർഷം മുമ്പ് ചന്ദ്രൻ ഉണ്ണിത്താന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഉണ്ണിത്താന്റെ മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സി.പി.എം ഓഫീസിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് കർമ്മസമിതി പ്രവർത്തകർ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൻ, അജു എന്നിവരാണ് പിടിയിലായത്. അക്രമം നടത്തിയ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കർമ്മ സമിതി പ്രവർത്തകർ പിന്നീട് പന്തളത്ത് റോഡ് ഉപരോധിച്ചു.