attack-against-media
ബി.ജെ.പി മാർച്ചിനിടെ വ്യാപക അക്രമം ഉണ്ടായതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകർ റിപ്പോർട്ടിംഗ് നിറുത്തിവച്ച് മാറിനിൽക്കുന്നു

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി ആഹ്വാനം ചെയ്‌ത ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ചിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം. ഇതിനെ തുടർന്ന് ബി.ജെ.പി മാർച്ച് റിപ്പോർട്ട് ചെയ്യുന്നത് നിറുത്തിവച്ച് മാദ്ധ്യമ പ്രവർത്തകർ മാറിനിന്നു. എന്നാൽ പ്രവർത്തകരാണ് അക്രമം നടത്തിയതെന്നും ഇതിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നുമായിരുന്നു നേതാക്കളുടെ നിലപാട്. ഇതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള നടത്താനിരുന്ന വാർത്താ സമ്മേളനവും മാദ്ധ്യമങ്ങൾ ബഹിഷ്‌ക്കരിച്ചു.

ഇന്ന് തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ബി.ജെ.പിയുടെ മാർച്ച് തുടങ്ങിയത്. ഇതിനിടയിൽ പ്രവർത്തകർക്ക് നേരെ ആരോ കല്ലെറിഞ്ഞെന്ന് ആരോപിച്ച് പ്രവർത്തകർ റോഡിന് ഇരുവശത്തുമുള്ള ബോർഡുകൾ തകർക്കുകയും കടകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്‌തു. ഇതിനിടയിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെയും മനോരമയുടെയും കാമറാമാൻമാരെ ആക്രമിച്ചത്. മാദ്ധ്യമപ്രവർത്തകരുടെ ഉപകരണങ്ങളും കാമറകളും അടിച്ച് തകർക്കുകയും ചെയ്‌തു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് മതിയായ സംരക്ഷണം നൽകുന്നില്ലെന്ന് ആരോപിച്ചാണ് റിപ്പോർട്ടിംഗ് നിറുത്തിവച്ചത്. കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് വനിതാ മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ക്രൂരമർദ്ദനം ഏറ്റിരുന്നു. മാദ്ധ്യമങ്ങൾക്ക് നേരെയുള്ള മർദ്ദനം വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ ഉറപ്പ് നൽകുമ്പോഴും പൊലീസുകാർ പ്രതിഷേധക്കാരെ തടഞ്ഞില്ലെന്ന ആക്ഷേപവും ശക്തമാണ്.