meghalaya

ന്യൂഡൽഹി: മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ ജലപ്രവാഹത്തെ തുടർന്ന് കുടുങ്ങിയ 15 തൊഴിലാളികളെ എത്രയുംപെട്ടന്ന് പുറത്തെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നേരത്തെ തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 'രക്ഷാപ്രവർത്തനത്തിൽ തൃപതരല്ല. അവർ മരിച്ചു എന്നതല്ല, ജീവനോടെയുള്ളവരുണ്ടെങ്കിൽ അവരെ രക്ഷിക്കുകയാണ് വേണ്ടത്. അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വേണ്ടത്ര ശേഷിയുള്ള പമ്പുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് നേരത്തെ ഹർജിയിൽ ഉന്നയിച്ചിരുന്നു. ഖനി അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ചട്ടങ്ങൾ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികൾ മരിച്ചിട്ടുണ്ടാകാനാണ് സാദ്ധ്യതയെന്ന് എൻ.ഡി.ആർ.എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് രക്ഷാപ്രവർത്തനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സഹായം ആവശ്യപ്പെട്ടതനുസരിച്ച് ചീഫ്​ ഫയർ ഓഫീസർ സുകന്ത സേത്തിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.

'നേരത്തെ എത്തേണ്ടതായിരുന്നുവെന്നും എന്നാൽ, തങ്ങളുടെ സഹായം ആവശ്യപ്പെട്ടത്​ ഇപ്പോൾ മാത്രമാണെ'ന്നും ഡയറക്​ടർ ജനറൽ ഓഫ്​ ഫയർ സർവീസ്​ ബി.കെ ശർമ പറഞ്ഞിരുന്നു. ഖനിയിൽ നിന്ന്​ വെള്ളം വറ്റിക്കാൻ ശക്​തിയേറിയ പമ്പില്ലാത്തതു മൂലം രക്ഷാപ്രവർത്തനം സാധിച്ചിരുന്നില്ല. അതിനാൽ രക്ഷാപ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇവരുടെ സംഘം എത്തിയതോടെയാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. എന്നാൽ,തെരച്ചിലിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

ഖനിയിൽ തൊഴിലാളികൾ കുടുങ്ങിയിട്ട് 21 ദിവസം പിന്നിട്ടു. മുങ്ങൽ വിദഗ്ധർക്ക് കടന്നുചെല്ലാൻ പാകത്തിൽ ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാനാണ് രക്ഷാപ്രവർത്തകരുടെ ശ്രമം. തൊഴിലാളികൾ ജീവനോടെയുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനകം 20 ലക്ഷം ലിറ്റർ വെള്ളം പമ്പു ചെയ്‌തു കളഞ്ഞെങ്കിലും ജലനിരപ്പ് കുറയ്‌ക്കാനായിട്ടില്ല. 320 അടി ആഴമുള്ള മുഖ്യ തുരങ്കത്തിൽ 70 അടിയോളമാണ് ജലനിരപ്പ്.

കഴിഞ്ഞ മാസം13നാണ് സമീപത്തെ നദി കരകവിഞ്ഞ് 370 അടി ആഴമുള്ള ഖനിയിൽ വെള്ളം പൊങ്ങിയതോടെയാണ് തൊഴിലാളികൾ അകത്ത് കുടുങ്ങിയത്. 2014 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ ‘എലിമട’ ഖനികൾ എന്നറിയപ്പെടുന്ന സുരക്ഷാ സംവിധാനങ്ങളില്ലാത്ത അനധികൃത കൽക്കരി ഖനികളുടെ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. എങ്കിലും അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്.