sabarimala-

തിരുവനന്തപുരം: ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പരക്കെ അക്രമം. ഹർത്താൽ അനുകൂലികളുടെ പ്രകടനത്തിനിടെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ അക്രമം. ഏഷ്യാനെറ്റ് ന്യൂസ് കാമറമാൻ ബൈജു വി.മാത്യൂവിന് പരിക്ക്. പാലക്കാട് സി.പി.ഐ ജില്ലാകമ്മിറ്റി ഓഫീസും പരിസരത്ത് നിർത്തിയിട്ട വാഹനങ്ങളും അനുകൂലികൾ അടിച്ചു തകർത്തു.

പന്തളത്ത് സി.പി.എം ഓഫീസിന് നേരെ ആക്രണം. മലപ്പുറത്തെ സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തലശേരിയിൽ സി.പി.എം ബി.ജെ.പി സംഘർഷത്തെ തുടർന്ന് ബോംബേറ് ഉണ്ടായി. തലശേരിക്കടുത്ത് കൊളശേരിയിലാണ് ബോംബേറ് നടന്നത്. എന്നാൽ എറിഞ്ഞ രണ്ട് ബോംബുകൾ പൊട്ടാത്തതിനെ തുടർന്ന് വലിയ ഒരു അപകടം ഒഴിവായി. കണ്ണൂർ ഇന്ത്യൻ കോഫി ഹൗസ് അടപ്പിക്കാൻ ഹർത്താൽ അനുകൂലികൾ ശ്രമം നടത്തി. എന്നാൽ പരിസരത്ത് സി.പി.എം പ്രവർത്തകർ കൂട്ടം കൂടി നിന്നതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഇതിനിടെ തൃശൂരിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർ കുത്തേറ്റു. വാടാനപ്പള്ളിക്ക് സമീപം നടന്ന എസ്.ഡി.പി.ഐ- ബി.ജെ.പി സംഘർഷത്തെ തുടർന്നാണ് കുത്തേറ്റത്. തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ചിലിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം. ഇതിനെ തുടർന്ന് ബി.ജെ.പി മാർച്ച് റിപ്പോർട്ട് ചെയ്യുന്നത് നിറുത്തിവച്ച് മാദ്ധ്യമ പ്രവർത്തകർ മാറിനിന്നു. എന്നാൽ പ്രവർത്തകരാണ് അക്രമം നടത്തിയതെന്നും ഇതിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നുമായിരുന്നു നേതാക്കളുടെ നിലപാട്. ഇതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള നടത്താനിരുന്ന വാർത്താ സമ്മേളനവും മാദ്ധ്യമങ്ങൾ ബഹിഷ്‌ക്കരിച്ചു.

മലപ്പുറം ജില്ലയിലെ തവനൂരിലും എറണാകുളത്തും സി.പി.എം ഓഫീസുകൾ ആക്രമിക്കപ്പെട്ടു. പാലക്കാട്ട് ഇ.എം. എസ് വായനശാലയ്ക്ക് അക്രമികൾ തീയിട്ടു. പത്തനംതിട്ട പുല്ലാട് സി.പി.എം ഓഫീസ് ആക്രമിച്ചു. കാസർകോട് നീലേശ്വരത്ത് ബി.ജെ.പി ഓഫീസിനുനേരെയും ആക്രമണം ഉണ്ടായി.

കോഴിക്കോട് കുന്ദമംഗലത്തും പാറോപ്പടിയിലും വെസ്റ്റ്ഹിൽ കോയാ റോഡിലും ഹർത്താലാനുകൂലികൾ റോഡിൽ കല്ലുകൾ നിരത്തിയും ടയർകത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. കൊയിലാണ്ടിയിൽ സി.ഐ യുടെ വാഹനത്തിന് നേരെ കല്ലേറ് നടന്നു. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ തടികൾ കൂട്ടിയിട്ട് റോഡ് ഉപരോധിച്ചു. കൊട്ടാരക്കരയിൽ റോഡിൽ ടയറുകൾ കത്തിച്ച് ഗതാഗതം തടസപ്പെടുത്തി.

റാന്നിയിൽ ആംബുലൻസിന് നേരെ ആക്രമണമുണ്ടായി. എരുമേലിയിൽ ബി.ജെ.പി പ്രവർത്തകർ കടകൾ അടപ്പിച്ചു. പാലക്കാടും തൃശ്ശൂരും കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസ് നടത്തുന്നില്ല. ബംഗളൂരുവിൽ നിന്നും വന്ന കെ.എസ്.ആർ.ടി. സി ബസുകൾ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെ.എസ്.ആർ.ടി. സി സർവ്വീസ് നടത്തുന്നില്ല.

കണ്ണൂർ പയ്യന്നൂർ എടാട്ട്, പെരുമ്പ എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി. സി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടർന്ന് കണ്ണൂരിലെ കെ.എസ്.ആർ.ടി. സി സർവ്വീസുകൾ പൂർണമായി നിറുത്തി. കണ്ണൂർ നഗരത്തിൽ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. കോഴിക്കോട് കുന്ദമംഗലത്ത് ബംഗളൂരുവിൽ നിന്നും വന്ന സ്വകാര്യബസിന് നേരെയുണ്ടായ കല്ലേറിൽ ബസിന്റെ ചില്ല് തകർന്നു.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് കെ.എസ്.ആർ.ടി. സി സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ബസുകളുടെ എണ്ണം കുറവാണ്. ശബരിമല ദർശനത്തിനായി നൂറുകണക്കിനാളുകളാണ് സ്റ്റേഷനിൽ എത്തിയിട്ടുള്ളത്. എരുമേലിയിൽ നിന്നും പമ്പയിലേക്ക് മാത്രമാണ് കെ.എസ്.ആർ.ടി. സി ഇപ്പോൾ സർവ്വീസ് നടത്തുന്നത്.

തിരുവനന്തപുരത്ത് പാപ്പനംകോടും നെയ്യാറ്റിൻകരയിലും കെ.എസ്.ആർ.ടി..സി ബസുകൾക്ക് നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ സർവീസുകൾ പൂർണമായി നിറുത്തി.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സർവ്വീസുകളും ഇന്നലെ രാത്രിമുതൽ നിറുത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഹർത്താലിനെ തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷൻ ടി.നസറുദ്ദീന്റെ കോഴിക്കോട്ടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി . കടകൾ തുറക്കുമെന്ന പ്രഖ്യാപനത്തെ ബി.ജെ.പി എതിർത്ത സാഹചര്യത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. അതേസമയം ഹർത്താൽ പരാജയപ്പെടുത്താൻ വേണ്ട പിന്തുണയോ പൊലീസ് സഹായമോ വ്യാപാരികൾക്ക് കിട്ടുന്നില്ലെന്ന് ടി.നസറുദ്ദീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പലയിടങ്ങളിലും ഹർത്താൽ അനുകൂലികളുടെ ഭീഷണിയുണ്ട്. ഹർത്താൽ വിമുക്ത കേരളം പ്രഖ്യാപനം ഫലം കാണുമോയെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.