തൃശൂർ: തൃശൂർ വാടാനപ്പള്ളിയിൽ സംഘർഷത്തിനിടെ മൂന്ന് ബി.ജെ.പി പ്രവർത്തകർക്ക് കുത്തേറ്റു. ബി.ജെ.പി - എസ്.ഡി.പി.ഐ സംഘർഷത്തിനിടെയാണ് ബി.ജെ.പി പ്രവർത്തകനായ സുജിത്ത്, ശ്രീജിത്ത്, രതീഷ് എന്നിവർക്ക് കുത്തേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.
ഹർത്താൽ അനുകൂലികൾ ഇന്ന് രാവിലെ വാടാനപ്പള്ളിയിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. സമീപത്തെ കടകളെല്ലാം അടയ്‌ക്കണമെന്ന് ഇവർ നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ പ്രകടനം കഴിഞ്ഞ് തിരികെ എത്തിയപ്പോഴും കടകൾ അടച്ചിരുന്നില്ല. ഇതിൽ പ്രകോപിതരായ ഹർത്താൽ അനുകൂലികൾ കടകൾ ആക്രമിച്ചു. ഇതിനെ പ്രതിരോധിക്കാനായി എസ്.ഡി.പി.ഐ പ്രവർത്തകർ രംഗത്തെത്തിയത് സംഘർഷത്തിന് വഴിവച്ചു. ഇതിനിടെയാണ് മൂന്ന് പേർക്ക് കുത്തേറ്റത്. ഇവരെ ഉടൻ തന്നെ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു. സംഘർഷ സാധ്യതയെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാംമ്പ് ചെയ്യുകയാണ്.