നാസ:മഞ്ഞ് പെയ്യുന്ന രാജ്യങ്ങളിൽ കുട്ടികൾ മഞ്ഞുരുട്ടി നിർമ്മിക്കുന്ന ഹിമ മനുഷ്യനെ - സ്നോമാൻ - ഓർമ്മിപ്പിക്കുന്ന ഒരു രൂപം. ഭീമമായ തലയും ശരീരവും ഒട്ടിച്ചു വച്ച പോലെ 'അൾട്ടിമ തുലെ'. ഭൂമിയിൽ നിന്ന് 650 കോടി കിലോമീറ്റർ അകലെയാണ് ഈ വസ്‌തു.
2014ൽ ടെലസ്‌കോപ്പിലൂടെ കണ്ടെത്തിയ അൾട്ടിമ തുലെയുടെ വ്യക്തമായ ചിത്രങ്ങൾ ഇതാദ്യമായി നാസയുടെ ശൂന്യാകാശ വാഹനമായ ന്യൂ ഹൊറൈസൺസ് പകർത്തി. ചൊവ്വാഴ്‌ച അൾട്ടിമ തുലെയുടെ 3500 കിലോ മീറ്റർ സമീപത്തു കൂടി പേടകം കടന്നുപോയി.
സൗരയൂഥത്തിന്റെ അതിരുകളിൽ കണ്ടെത്തിയ ഏറ്റവും വിദൂരമായ വസ്‌തുവാണ് 'അൾട്ടിമ തുലെ'. കുള്ളൻ ഗ്രഹമായ പ്ലൂട്ടോയെ ആയിരുന്നു ഇതുവരെ ആ സ്ഥാനത്ത്. 2015ൽ പ്ലൂട്ടോയുടെ സമീപത്തുകൂടി ന്യൂ ഹൊറൈസൺസ് കടന്നു പോയിരുന്നു. പ്ലൂട്ടോയിൽ നിന്ന് 150കോടി കിലോമീറ്റർ കൂടി അകലെയാണ് അൾട്ടിമ തൂലെ.
സൗരയൂഥത്തിലെ ബാഹ്യ വലയമായ ക്വിപ്പർ ബെൽറ്റ് എന്ന മേഖലയിലാണ് അൾട്ടിമ തുലെ സൂര്യനെ ഭ്രമണം ചെയ്യുന്നത്. കുള്ളൻ ഗ്രഹങ്ങളും ബഹിരാകാശ അവശിഷ‌്‌ടങ്ങളും നിറഞ്ഞ മേഖലയാണ് ക്വിപ്പർ ബെൽറ്റ്. അൾട്ടിമ പോലെ തണുത്തുറഞ്ഞ കാഠിന്യമേറിയ പതിനായിരക്കണക്കിന് വസ്‌തുക്കൾ ഇവിടെയുണ്ട്. 4600 കോടി വർഷങ്ങൾക്ക് മുൻപ് ഗ്രഹങ്ങളും മറ്റും രൂപം കൊണ്ടതിന്റെ തെളിവുകൾ ഇതിൽ ഉറഞ്ഞുകിടപ്പുണ്ടെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
അൾട്ടിമ തുലെ
ഒട്ടിച്ചേർന്ന രണ്ട് ഐസ് ഗോളങ്ങൾ
ശരീരം അൾട്ടിമ.
ശിരസ് തുലെ
ശരീരത്തിന്റെ മൂന്നിലൊന്ന് ശിരസ്.
നീളം 33 കിലോമീറ്റർ
നിറം ചുവപ്പ്.
15 മണിക്കൂറിൽ സ്വയം ഭ്രമണം
സൂര്യപ്രകാശം ഭൂമിയിലേതിന്റെ 1600ൽ ഒരംശം
460കോടി വർഷം മുൻപ് തണുത്തുറഞ്ഞ രണ്ട് ഗോളങ്ങൾ രൂപമെടുത്തു
മണിക്കൂറിൽ രണ്ടോ മൂന്നോ കിലോമീറ്റർ വേഗതയിൽ ഇടിച്ച് ഒട്ടിച്ചേർന്നു.
കോസ്‌മിക് രശ്മികളുടെ ചൂടിൽ എരിഞ്ഞ് ചുവന്നു
സൂര്യപ്രകാശം വളരെ കുറവ്
കൊടും ശൈത്യം (- 230 ഡിഗ്രി )
രാസപ്രവർത്തനങ്ങൾ നിശ്ചലം
പ്രപഞ്ചോൽപ്പത്തി സമയത്തെ രാസഘടന സുരക്ഷിതം
ഇത് പ്രപഞ്ചോൽപ്പത്തിയിലേക്ക് വെളിച്ചം വീശും