congress-leader-injured
കോൺഗ്രസ് നേതാവിനെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചിടുന്ന ദൃശ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ട് കോൺഗ്രസ് നേതാക്കൾക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണയുടെ ഭർത്താവ് കൃഷ്‌ണകുമാറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കരിങ്കൊടികളുമായി ചാടിവീഴുമ്പോഴായിരുന്നു അപകടം. അതിവേഗത്തിൽ എത്തിയ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം പ്രവർത്തകരെ ഇടിച്ചിടുകയായിരുന്നു.

ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ഇന്ന് യു.ഡി.എഫ് കരിദിനം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കാനായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. ഇതിനിടയിലാണ് പ്രവർത്തകർക്ക് പരിക്കേറ്റത്. അപ്രതീക്ഷിതമായി പ്രവർത്തകർ ചാടിവീണത് കണ്ട് ഡ്രൈവർ വാഹനം വെട്ടിച്ചപ്പോഴാണ് പ്രവർത്തകർക്ക് പരിക്കേറ്റതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.