ananth-kumar-hegde

ന്യൂഡൽഹി: ശബരിമലയിൽ യുവതികൾ പ്രവേശനം നടത്തിയതിൽ കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കേരള സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്‌തത് ഹിന്ദുക്കളെ പകൽ വെളിച്ചത്തിൽ ബലാത്സംഗം ചെയ്യുംപോലെയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കനക ദുർഗ, ബിന്ദു എന്നീ യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്ന് കേരളത്തിൽ വ്യാപകമായി അക്രമങ്ങൾ നടന്നുവരികയാണ്. അതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം.

'മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുപക്ഷ പാർട്ടിയുടെയും നിലപാടുകൾ കാരണം കേരളമാകെ ഇപ്പോൾ ആശയക്കുഴപ്പത്തിലായിരിക്കുന്നു. സുപ്രീംകോടതി വിഷയത്തിൽ നിലപാട് അറിയിച്ചിട്ടുണ്ട്. അത് അംഗീകരിക്കുന്നു. പക്ഷേ ക്രമസമാധാനം സംസ്ഥാനത്തിന്റെ ചുമതലയാണ്. അതുകൊണ്ട് ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കാത്ത രീതിയിൽ നയതന്ത്രപരമായി വിഷയം കൈകാര്യം ചെയ്യണമായിരുന്നെ'ന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാർ സമ്പൂർണ പരാജയമാണ്. ഹിന്ദു ജനങ്ങളെ പകൽവെളിച്ചത്തിൽ മാനഭംഗപ്പെടുത്തുകയാണ് ഇതെന്നും അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞു.

കഴിഞ്ഞ ദിവസം ശബരിമല ദർശനം നടത്തിയ യുവതികളെ പിന്തുണച്ചും നടപടിയെ സ്വാഗതം ചെയ്‌തും ബി.ജെ.പി എം.പി ഉദിത് രാജ് രംഗത്തെത്തിയിരുന്നു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിലും അയ്യപ്പ ദർശനം നടത്തിയതിലും ഞാൻ വളരെ സന്തോഷിക്കുന്നു. അതിനെതിരെയുള്ള പ്രതിഷേധവും വിവാദവും ദുഃഖകരമാണ്. എല്ലാ പുരുഷൻമാരും സ്ത്രീകളുടെ ഗർഭപാത്രത്തിൽ ജനിച്ചവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.