mob-lynch

ബീഹാർ: ബീഹാറിലെ അരാരിയ ജില്ലയിൽ പശുവിന്റെ പേരിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. പശുവിനെ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് 55കാരനായ കാബൂൾ മിയാനെയാണ് 300ഓളം പേർ വരുന്ന ആൾക്കൂട്ടം തല്ലിക്കൊന്നത്. കൊലപാതകം നടത്തിയ ശേഷം അക്രമികൾ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്‌തു. കള്ളനെന്ന് ആക്രോശിച്ച് വടികളും മറ്റും ഉപയോഗിച്ചായിരുന്നു കാബൂൾ മിയാനെ ആക്രമിച്ചത്. കഴുത്തിൽ പിടിച്ച് ഞെരുക്കിയും വൃദ്ധന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയും അക്രമിച്ചു.

താൻ മോഷണം നടത്തിയിട്ടില്ലെന്നും ഉപദ്രവിക്കരുതെന്നും കാബൂൾ അപേക്ഷിച്ചെങ്കിലും കൊല്ലപ്പെടും വരെ തല്ലുകയായിരുന്നു. ഡിസംബർ 29നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. എന്നാൽ, സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം വീഡിയോ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് പൊലീസ് വിവരമറിയുന്നത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി അരാരിയ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ കെ.പി സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബീഹാറിൽ ആർ.ജെ.ഡി നേതാവ് വെടിയേറ്റ് മരിക്കുകയും തുടർന്ന് നടന്ന പ്രതിഷേധത്തിനിടെ 13 വയസുകാൻ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. ഇതിൽ പ്രതിപക്ഷ പാർട്ടികൾ വ്യാപക പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.