നിലയ്‌ക്കൽ: ശബരിമല ദർശത്തിനെത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളുടെ ബസിന്റെ ചില്ലുകൾ അടിച്ചുതകർത്തു. ബസിൽ യുവതികളുണ്ടായിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്. നിലയ്ക്കൽ പാർക്ക് ചെയ്ത ബസിന്റെ ചില്ലുകൾ തമിഴ്നാട് സ്വദേശികളാണ് എറിഞ്ഞു തകർത്തത്.
നിലയ്ക്കലിൽ പാർക്ക് ചെയ്യാനെത്തിയ ബസിൽ യുവതികളെ കണ്ടതോടെ തമിഴ്നാട് സ്വദേശികളായ പ്രതിഷേധക്കാർ വാഹനം തടയുകയും അവരുമായി വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ഇതിനിടെ ഒരു കൂട്ടം പ്രതിഷേധക്കാർ വാഹനത്തിന്റെ ചില്ല് അടിച്ചുതകർക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തങ്ങൾ ദർശനത്തിന് എത്തിയതല്ലെന്നും കൂടെയുള്ള ദർശനം നടത്തുമ്പോൾ തങ്ങൾ നിലയ്ക്കലിൽ തുടരുമെന്നും യുവതികൾ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാർ പിൻമാറുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയുന്ന തമിഴ്നാട് സ്വദേശികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.