cm-convoy
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് മുന്നിൽ ചാടി കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനിടെ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് വാഹനം തട്ടിയപ്പോൾ, ഫോട്ടോ ബി.സുമേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖരുടെ വാഹനവ്യൂഹം തടയുന്നത് സുരക്ഷയ്ക്ക് അർഹതയുള്ളവരുടെ ജീവന് ഭീഷണി ഉയർത്തുന്ന നടപടിയായി കണക്കാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. വാഹനവ്യൂഹം തടയുന്നത് ഗുരുതരമായ കു​റ്റകൃത്യമായി കണക്കാക്കും. മുഖ്യമന്ത്രിയടക്കം വി.ഐ.പി സുരക്ഷയ്ക്ക് അർഹതയുള്ളവർക്ക് ഒരുക്കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ ലംഘിക്കാൻ ഒരു കാരണവശാലും ആരെയും അനുവദിക്കില്ല.

മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ബേക്കറി ജംഗ്ഷനിൽ ഒരു സംഘമാളുകൾ തടയാൻ ശ്രമിച്ചു. മോട്ടോർ സൈക്കിളിൽ വന്നവരും റോഡിന്റെ ഇരുവശത്തും നിന്നവരുമാണ് ഇതിന് മുതിർന്നത്. വാഹനം മുട്ടിയതിനെ തുടർന്ന് മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലാക്കി. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പിടികൂടാൻ ഊർജ്ജിത ശ്രമം തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച മുഖ്യമന്ത്രി ഓഫീസിൽ ഉണ്ടായിരുന്ന സമയത്ത് സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് സെക്രട്ടേറിയറ്റിൽ കയറിയവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡി.ജി.പി വാർത്താക്കുറിപ്പിൽ അറിയിച്ചു.