സുപ്രീംകോടതി വിധിയെതുടർന്നു ശബരിമലയിൽ എല്ലാ പ്രായപരിധിയിലും പെട്ട സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിന്റെ ഭാഗമായി രണ്ട് യുവതികൾ 2019 ജനുവരി രണ്ടിന് പുലർച്ചെ ശബരിമല ദർശനം നടത്തിയതോടെ പുതിയ വാദവിവാദങ്ങൾ ഉയർന്നു വന്നിരിക്കുകയാണ്. ഈ നടപടി ആചാരലംഘനമാണെന്നു പ്രഖ്യാപിച്ച് തന്ത്രി നട അടയ്ക്കുകയും തടർന്നു ശുദ്ധിക്രിയ ചെയ്തതായും റിപ്പോർട്ട് വന്നു.
സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാദ്ധ്യതപ്പെട്ട തന്ത്രി തന്നെ ആചാരലംഘനം നടന്നുവെന്നു പറഞ്ഞ് നടയടച്ച നടപടി കോടതിവിധിയുടെ ലംഘനവും ഭരണഘടനയെ വെല്ലുവിളിക്കലുമാണ്. ഒരു യുവതിയെപ്പോലും ശബരിമലയിൽ കയറാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് ആർ.എസ്.എസ്. സംഘപരിവാർ ശക്തികൾ മൂന്നു മാസമായി നടത്തിവരുന്ന പ്രഖ്യാപനത്തിനു വലിയ തിരിച്ചടിയാണ് യുവതീപ്രവേശനത്തോടെ ഉണ്ടായത്. യുവതീപ്രവേശനം തടയാൻ ആയിരക്കണക്കിനു ആർ.എസ്.എസുകാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്ത് ശബരിമലയ്ക്ക് ചുറ്റും നിയോഗിച്ചിരുന്നു. അവർ കണ്ണിലെണ്ണയൊഴിച്ച് കാത്തു നിന്നിരുന്നു. ഒരു സ്ത്രീയെങ്കിലും പ്രവേശിച്ചാൽ താൻ ആത്മാഹുതി ചെയ്യുമെന്നു കർമ്മസമിതിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഒരു തുള്ളി ചോരപോലും പൊടിയാതെ രണ്ട് സ്ത്രീകൾക്ക് ശബരിമല ദർശനം നടത്താൻ അവസരമുണ്ടായി എന്നതാണു ഈ സംഭവത്തിന്റെ പ്രാധാന്യം. തങ്ങളുടെ പ്രഖ്യാപനം നടപ്പാക്കാൻ കഴിയാത്തതിന്റെ ഫലമായി ഇളിഭ്യരും നിരാശരുമായ സംഘപരിവാർ ശക്തികൾ പരക്കെ അക്രമം അഴിച്ചുവിട്ടു കലാപമുണ്ടാക്കാനാണു ശ്രമിക്കുന്നത്. അക്രമത്തിലൂടെ ഭീതി പരത്തിയും ജനങ്ങളുടെ സ്വൈരജീവിതം തകർത്തും നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം.
യുവതികൾ ദർശനം നടത്തിയാൽ ശബരിമലയുടെ പവിത്രതയ്ക്ക് ഒരു കോട്ടവും സംഭവിക്കാനില്ല എന്ന് ഇ പ്പോൾ വ്യക്തമായല്ലോ. സുപ്രീംകോടതി വിധി നടപ്പാക്കാനുളള ഉത്തരവാദിത്വം കേസിൽ കക്ഷിയായ തന്ത്രിക്കും ദേവസ്വം ബോർഡിനും ഗവൺമെന്റിനുമുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ ഈ സ്ഥാനം വഹിക്കുന്നവർക്ക് കഴിയില്ലെങ്കിൽ അവർ മാറി നിന്ന് കോടതി വിധി നടപ്പാക്കാൻ സന്നദ്ധതയുള്ളവരെ സ്ഥാനം ഏൽപ്പിക്കുകയാണു വേണ്ടത്. ആചാരത്തിന്റെ പേരുപറഞ്ഞ് നടയടച്ച നടപടി തെറ്റായ സന്ദേശമാണു നൽകിയിട്ടുള്ളത്. യാഥാസ്ഥിതിക മനോഭാവം വച്ചുപുലർത്തുന്നവർ ആചാരത്തിന്റെ പേരുപറഞ്ഞ് അനാചാരം തുടരാൻ മുൻകാലങ്ങളിലും ശ്രമിച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ പട്ടികജാതി പട്ടികവർഗക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും പ്രവേശനം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെട്ട കാലത്ത് 1932 ജനുവരി ഒന്ന് മുതൽ ജനുവരി 28 വരെ ക്ഷേത്രം തന്നെ അടച്ചിട്ടിരുന്നു. തുടർന്ന് വമ്പിച്ച ജനസമ്മർദ്ദമുണ്ടായതിനെ തുടർന്നാണ് ജനുവരി 28-നു ക്ഷേത്രം തുറന്നത്.
മലബാറിലെ പ്രസിദ്ധമായ വടകര ലോകനാർ ദേവക്ഷേത്രംപട്ടികജാതി-പട്ടികവർഗവിഭാഗക്കാർക്കും പിന്നാക്ക വിഭാഗക്കാർക്കും തുറന്നുകൊടുക്കാൻ കടത്തനാട് രാജാവ് തീരുമാനിച്ചപ്പോൾ ക്ഷേത്രം പൂട്ടി ബന്ധപ്പെട്ടവർ സ്ഥലം വിട്ടു. തുടർന്ന് മറ്റൊരാളെ കൊണ്ടുവന്നാണ് ക്ഷേത്രത്തിന്റെ ആചാരമെല്ലാം നിർവഹിച്ചത്. ശബരിമലയിൽ തന്നെ നേരത്തെയുണ്ടായിരുന്ന പല ആചാരങ്ങളും അനാചാരമാണെന്നു കരുതി മാറ്റിയിട്ടുണ്ടല്ലോ. കൊടിയേറ്റവും പടിപൂജയും ശബരിമലയിൽ മുമ്പുണ്ടായിരുന്നവയല്ല. ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന ധാരാളം കിണറുകൾ നികത്തപ്പെട്ടു. ഭസ്മക്കുളത്തിനും പാത്രക്കുളത്തിനും മാറ്റമുണ്ടായി. മുൻകാലങ്ങളിൽ മാളികപ്പുറത്തമ്മയ്ക്ക് യാതൊരു പൂജയും ചെയ്തിരുന്നില്ല. ഇപ്പോൾ അയ്യപ്പനെപ്പോലെ മാളികപ്പുറത്തമ്മയ്ക്കും രണ്ടു നേരവും പൂജ നടത്തുന്നുണ്ട്. ശബരിമലയിലെ ഘടനയിൽ പോലും പല മാറ്റങ്ങൾ വന്നിട്ടുണ്ട്.
ഇപ്പോൾ മലയാളമാസത്തിലെ ആദ്യ അഞ്ചു ദിവസവും പൂജ നടത്തുന്നുണ്ട്. മുമ്പില്ലായിരുന്ന തുലാഭാരം എന്ന ആചാരം ഇപ്പോൾ ആരംഭിച്ചതാണ്. കഴിഞ്ഞ കാലഘട്ടങ്ങളിൽ വന്ന പല മാറ്റങ്ങളും എങ്ങനെയുണ്ടായി എന്നു പരിശോധിക്കുന്നതിനു പകരം ഭരണഘടനയ്ക്കും നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ആചാരത്തിന്റെ പേരിൽ പ്രവേശനം നിഷേധിച്ചു കൂടെന്ന സുപ്രീംകോടതി വിധി നടപ്പായതിനെ ശ്ലാഘിക്കുകയാണ് സമൂഹം ചെയ്യേണ്ടത്. ഈ നടപടിയെ സ്വാഗതം ചെയ്ത് ബി.ജെ.പി. എം.പി ഉദിത്രാജിന്റേയും ജയാ ബച്ചൻ എം.പിയുടെയും അഭിപ്രായ പ്രകടനങ്ങൾ സമൂഹം എങ്ങനെയാണ് ഈ നടപടിയെ കാണുന്നതെന്നു വ്യക്തമാക്കുന്നു.
ആചാരങ്ങൾ സംബന്ധിച്ച് ധാരാളം കാര്യങ്ങൾ ഇതിനകം ചർച്ച ചെയ്യപ്പെട്ട സമൂഹമാണ് നമ്മുടേത്. "സ്ത്രീകൾ ആർത്തവം തുടങ്ങി 9 ദിവസം വരെ ക്ഷേത്രങ്ങളിൽ പ്രവേശിച്ചുകൂടാ. ഗർഭിണികൾ ഏഴാം മാസം മുതൽ പ്രസവിച്ച് 142 ദിവസം വരേയും, നവജാത ശിശുക്കൾ ചോറൂണുവരെയും ക്ഷേത്രത്തിൽ പ്രവേശിച്ചുകൂടാ, മംഗല്യം ചാർത്തിക്കഴിഞ്ഞ വധൂവരന്മാർ ചുറ്റമ്പലത്തിനുളളിൽ കടന്ന് പ്രദക്ഷിണം നടത്തരുത്, സ്ത്രീകൾ പൂർണ വസ്ത്രധാരിണികളായി വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ'' തുടങ്ങിയ ആചാരങ്ങൾ നിലവിലുണ്ടായിരുന്ന സമൂഹത്തിൽ ഇപ്പോൾ എന്തെല്ലാം മാറ്റങ്ങൾ വന്നുവെന്നു നമ്മുടെ അനുഭവത്തിൽ വ്യക്തമായി വന്നില്ലേ. ആചാരപ്രകാരം ബ്ലൗസ് ധരിച്ചുകൊണ്ട് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിനുള്ളിൽ കടന്ന സ്ത്രീയുടെ ബ്ലൗസ് ആചാര സംരക്ഷകർ എന്ന മേലങ്കിയണിഞ്ഞെത്തിയ പുരുഷന്മാർ വലിച്ചു കീറിയ സംഭവത്തെക്കുറിച്ച് പ്രസിദ്ധ എഴുത്തുകാരി ലളിതാംബികാ അന്തർജനം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു സ്ത്രീകൾ സൂര്യാസ്തമയത്തിനുശേഷം പാല്, തൈര്, ചുണ്ണാമ്പ് എന്നിവ വാങ്ങുകയോ, കൊടുക്കുകയോ ചെയ്യരുത് എന്നത് ആചാരമായി കണക്കാക്കിയിരുന്നു. നാമജപവുമായി തെരുവിലിറങ്ങിയിട്ടുള്ള സംഘപരിവാറിൽപ്പെട്ട സ്ത്രീകൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സന്ദർഭത്തിലല്ലേ ഇത്തരം സാധനസാമഗ്രികൾ വാങ്ങേണ്ടിവരുന്നത്. ഓരോ ജാതിക്കും ഓരോ ആചാരങ്ങൾ ഉണ്ടായിരുന്ന നാടാണിത്. ബ്രാഹ്മണ സമൂഹത്തിനകത്തും നിരവധി ജാതിയുണ്ട്, ഭട്ടതിരിപ്പാട്, നമ്പൂതിരിപ്പാട്, മൂസത്, ഇളയത് തുടങ്ങിയ ആചാരപ്രകാരം ക്ഷേത്രത്തിനുള്ളിൽ കടന്നു പൂജ ചെയ്യാൻ അർഹതയുള്ളവരും പൂജ ചെയ്യാൻ അർഹതയില്ലാത്തവരും ആചാരത്തിന്റെ ഭാഗമായിരുന്നു. ഇന്ന് അത് നിലനിൽക്കുന്നുണ്ടോ? 70-ഉം 80-ഉം പ്രായമുള്ള ബ്രാഹ്മണവൃദ്ധന്മാർ കൗമാര കന്യകമാരെ വിവാഹം ചെയ്തിരുന്നു. ഭാര്യയ്ക്ക് 18 വയസു തികയും മുമ്പ് ഭർത്താക്കന്മാർ പലരും മരിച്ചിരുന്നു. തുടർന്നു യൗവനയുക്തകളായ വിധവകൾ തലമൊട്ടയടിച്ച് വെള്ളവസ്ത്രം ധരിച്ച് പുറംലോകമറിയാതെ മരണം വരെ വീട്ടിനുള്ളിൽ കഴിയണമായിരുന്നു. വിധവാ വിവാഹം അനുവദിച്ചിരുന്നില്ല. ഈ ആചാരം ഇപ്പോൾ നിലനിൽക്കുന്നുണ്ടോ?
കേരളത്തിലെ പല ക്ഷേത്രങ്ങളിലും ആചാരത്തിന്റെ ഫലമായി നരബലി നടന്നിരുന്നു. ഇതുമാറിയില്ലേ? ആർത്തവ ദിവസങ്ങളിൽ സ്ത്രീകളെ വീട്ടുമുറ്റത്തുള്ള കൂരയിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ആചാര സംരക്ഷകന്മാർ എന്നു പറയുന്നവർ ഈ ആചാരം ഇപ്പോൾ നടപ്പിലാക്കുന്നുണ്ടോ? അദ്ധ്യാപനം നടത്താനുള്ള അധികാരം ബ്രാഹ്മണന് മാത്രമായിരുന്നു. ശൂദ്രരെ ഗുരുകുലത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. ബ്രാഹ്മണരെയും, ക്ഷത്രിയരെയും വൈശ്യരെയും മാത്രമാണ് ഗുരുകുലത്തിൽ പഠിപ്പിച്ചിരുന്നത്. ഇതെല്ലാം മാറിയ കഥ ആചാരത്തിന്റെ പേരിൽ തെരുവിലിറങ്ങി നാമജപം നടത്തുന്നവർ മനസിലാക്കുന്നുണ്ടോ? ഇപ്പോൾ കല്ലും മരക്കക്ഷണങ്ങളുമായി പെരുവഴിയിലിറങ്ങി ബസുകൾക്ക് കല്ലെറിയുന്നതും പൊലീസുകാരെ ആക്രമിക്കുന്നതും സ്വത്തുവകകൾ നശിപ്പിക്കുന്നതും അയ്യപ്പനു കവചം തീർക്കാനാണോ? വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞ് ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന്റെ പേരിൽ രണ്ടാം വിമോചന സമരത്തിനു തയ്യാറെടുക്കാനാണ് സംഘപരിവാർ ആഹ്വാനം ചെയ്തിരിക്കുന്നത്. എന്ത് അക്രമവും നടത്തിക്കൊള്ളുക എന്നാണ് കർമ്മസമിതിയുടെ ആഹ്വാനം. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സംഘപരിവാർ നീക്കത്തെ സമൂഹം തിരിച്ചറിയുക തന്നെ ചെയ്യും.
(സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ )