man

അരാരിയ: ബീഹാറിലെ അരാരിയ ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് 55കാരനെ ആൾക്കൂട്ടം അതിക്രൂരമായി മർദ്ദിച്ച് കൊന്നു. മുന്നൂറോളം പേരടങ്ങുന്ന സംഘമാണ് കാബൂൾ മിയാൻ എന്ന മുസ്ലിം വിഭാഗത്തിൽപ്പെട്ട ആളെ അടിച്ചു കൊന്നത്. കള്ളൻ എന്ന് വിളിച്ച് കാബൂളിന്റെ മുഖത്തും തലയിലും ആൾക്കൂട്ടം വടികൊണ്ട് അടിച്ച് ഇയാളുടെ പാന്റ് വലിച്ചൂരുന്നതിന്റെ ദൃശ്യങ്ങളും ഇന്നലെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രദേശവാസിയായ മുസ്ലിം മിയാൻ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ഇയാളെ മർദ്ദിച്ചത്. മർദ്ദിക്കാനായി ആളുകൾ പരസ്പരം ക്ഷണിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ദൃശ്യത്തിൽ കേൾക്കാം. തല പൊട്ടി രക്തം ഒഴുകുന്നതിനിടെ മർദ്ദിക്കരുതെന്ന് കാബൂൾ കേണപേക്ഷിക്കുന്നുണ്ടെങ്കിലും ആൾക്കൂട്ടം മർദ്ദനം തുടരുകയായിരുന്നു. താൻ പശുവിനെ മോഷ്ടിച്ചിട്ടില്ലെന്നും മുൻ ഗ്രാമമുഖ്യൻ കൂടിയായ കാബൂൾ പറയുന്നുണ്ട്.

പാറ്റ്നയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള സിമർബാനി ഗ്രാമത്തിൽ ഡിസംബർ 29നാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ആർ.ജെ.ഡി നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ ബുധനാഴ്ച ബീഹാറിലെ നളന്ദയിലും 13കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു.